സ്കൂൾ ലൈബ്രറികളിൽ കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങള്‍ മാത്രമേ ഉൾപ്പെടുത്താവൂവെന്ന് ആൽബർട്ട സർക്കാർ. സ്കൂൾ ലൈബ്രറി പുസ്തകങ്ങളുടെ ഉള്ളടക്കം പ്രായത്തിനനുസരിച്ചുള്ളതും ലൈംഗികത കലർന്നതല്ലെന്ന് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ് പറഞ്ഞു. പ്രവിശ്യാ സ്കൂളുകൾക്കുള്ള പുതിയ മാനദണ്ഡങ്ങൾ പുസ്തകങ്ങൾ നിരോധിക്കുക എന്നതല്ലെന്നും മറിച്ച് സ്കൂൾ ബോർഡുകൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പ്രവിശ്യാ സ്കൂൾ ലൈബ്രറികളിൽ നിന്നും ലൈംഗിക, എൽജിബിടിക്യു+ ഉള്ളടക്കമുള്ള പുസ്തകങ്ങൾ നീക്കം ചെയ്യാൻ ഒക്ടോബർ 1 വരെ സമയം നൽകിയിട്ടുണ്ട്.
കൂടാതെ സ്കൂൾ ബോർഡുകൾ ലൈബ്രറി പുസ്തകങ്ങൾ പതിവായി പരിശോധിക്കുകയും പുസ്തകങ്ങളുടെ പൂർണ്ണ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും വിദ്യാർത്ഥികളുടെ മേൽനോട്ടത്തിന് സ്റ്റാഫ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും നിർദ്ദേശിക്കുന്നു. അതേസമയം സ്കൂളുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുനിസിപ്പൽ ലൈബ്രറികൾക്കോ പഠന, അധ്യാപന സ്രോതസ്സുകളായി ക്ലാസ് മുറികളുടെ ഉപയോഗത്തിനായി അധ്യാപകർ തിരഞ്ഞെടുത്ത പുസ്തകങ്ങൾക്കോ മന്ത്രിതല ഉത്തരവ് ബാധകമല്ല. ബൈബിൾ പോലുള്ള മതപരമായ പുസ്തകങ്ങളെ പുതിയ മന്ത്രിതല ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എഡ്മിന്‍റനിലെയും കാൽഗറിയിലെയും പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിൽ നിന്നും ലൈംഗിക, എൽജിബിടിക്യു+ ഉള്ളടക്കമുള്ള നാല് ഗ്രാഫിക് കമിങ്-ഓഫ്-ഏജ് നോവലുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ലൈംഗികത കലർന്ന പുസ്തകങ്ങൾ 10-ാം ക്ലാസിലും അതിനു മുകളിലും ഉള്ള വിദ്യാർത്ഥികൾക്ക് മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. 9-ാം ക്ലാസിലും അതിൽ താഴെയുമുള്ള വിദ്യാർത്ഥികൾക്ക് ഇത്തരം പുസ്തകങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ല.