newsroom@amcainnews.com

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പ്: പാർലമെന്റിലേക്ക് മത്സരിച്ചത് 75 ഇന്തോ-കനേഡിയൻ സ്ഥാനാർഥികൾ, വിജയിച്ചത് 24 പേർ

ഒട്ടാവ: കാനഡയുടെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ഈ വർഷം ജയിച്ചു കയറിയത് 24 ഇന്തോ-കനേഡിയൻ സ്ഥാനാർഥികൾ. മത്സരിച്ചവരിൽ മൂന്നിലൊന്നു പേരും വിജയം നേടി. അപ്രതീക്ഷിതമായി കനത്ത തോൽവി ഏറ്റുവാങ്ങിയവരും ഇന്തോ-കനേഡിയൻ പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്തോ-കനേഡിയൻ വംശജരായ 75 പേരാണ് മത്സരിച്ചത്. ഇവരിൽ 24 പേരാണ് വിജയിച്ചത്. തോറ്റ പ്രമുഖരിൽ ന്യൂ ഡമോക്രാറ്റിക് പാർട്ടിയുടെ ജഗ്മീത് സിംഗും ഉൾപ്പെടും.

ജയിച്ച ഇന്ത്യക്കാരിൽ ശ്രദ്ധേയമായ സാന്നിധ്യമാവുക പഞ്ചാബിൽ നിന്നുള്ള ഇന്തോ- കനേഡിയക്കാരാണ്. 2021ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ 21 പേരാണ് ഇന്തോ- കനേഡിയൻ വംശജരായി പാർലമെന്റിൽ ഉണ്ടായിരുന്നത്. ആറാം തവണം വിജയം നേടിയ സുഖ് ധാലിവാളാണ് ഇന്തോ- കനേഡിയൻമാരിൽ പ്രമുഖൻ. സറെ- ന്യൂട്ടണിൽ നിന്നുള്ള പരിചയസമ്പന്നനായ ലിബറൽ എം പിയാണ് സുഖ് ധാലിവാൾ. 2006ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സുഖ് ധാലിവാൾ 2011 മുതൽ സറെ- ന്യൂട്ടണെയാണ് പ്രതിനിധീകരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള 65 വയസ്സുള്ള എഞ്ചിനീയറും ലാൻഡ് സർവേയറുമാണ് സുധ് ധാലിവാൾ.

ലിബറൽ പാർട്ടിയിലെ അനിറ്റ ആനന്ദ് ഓക്ക്വില്ലെ ഈസ്റ്റ് സീറ്റ് നിലനിർത്തിയാണ് തുടർച്ചായയി മൂന്നാം തവണയും പാർലമെന്റിലേക്കെത്തുന്നത്. അനിറ്റ ആനന്ദ് 50.7 ശതമാനം വോട്ട് നേടിയപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ റോൺ ചിൻസറിന് 45.1 ശതമാനം വോട്ടാണ് നേടാനായത്. ലിബറൽ ആധിപത്യത്തിനിടെ വൻ ഭൂരിപക്ഷത്തോടെയാണ് കാൽഗറി ഹെറിറ്റേജിൽ നിന്നും കൺസർവേറ്റീവ് ഷുവ് മജുംദാർ വിജയിച്ചു കയറിയത്. അദ്ദേഹം 61.7 ശതമാനം വോട്ടുകൾ നേടിയപ്പോൾ ലിബറൽ എതിരാളി സ്‌കോട്ട് അർനോട്ട് 34.4 ശതമാനം വോട്ടുകൾ കൊണ്ട് തൃപ്തിയടയേണ്ടി വന്നു.

സറേ സെന്ററിൽ അഭിഭാഷകനും സംരംഭകനുമായ രൺദീപ് സരായ് തന്റെ സീറ്റ് നിലനിർത്തി. 2015 മുതൽ സാരായ് എം പിയായി സേവനമനുഷ്ഠിക്കുന്നുണ്ട്. ദക്ഷിണേഷ്യൻ ജനസംഖ്യയുള്ള വലിയ മണ്ഡലമാണ് സറേ സെന്റർ. ലിബറൽ പാർട്ടിയുടെ പാം ബെയിൻസ് സ്റ്റീവ്സ്റ്റൺറിച്ച്മണ്ട് ഈസ്റ്റിൽ വീണ്ടും വിജയിച്ചു. മുൻ മാധ്യമ പ്രൊഫഷണലും ലക്ചററുമായ ബെയിൻസിന്റെ രണ്ടാം ജയമാണിത്.

ഫ്‌ളീറ്റ്വുഡ്‌പോർട്ട് കെൽസിനെ പ്രതിനിധീകരിച്ച് ആദ്യമായി എം പിയായ ഗുർബക്‌സ് സൈനിക്ക് പറയാനുള്ളത് മികവിന്റേയും നേട്ടത്തിന്റേയും കഥയാണ്. 1970-ൽ പഞ്ചാബിൽ നിന്ന് വെറും എട്ട് ഡോളറുമായി കുടിയേറിയ സൈനി ഒരു തടി മില്ലിൽ ജോലി ചെയ്തിരുന്ന സ്ഥാനത്ത് നിന്നാണ് പ്ലാന്റ് മാനേജരും സിറ്റി കൗൺസിലറും ആയി ഉയർന്നത്.

കൺസർവേറ്റീവ് സുഖ്മാൻ സിംഗ് ഗില്ലിന് കേവലം 25 വയസ്സു മാത്രമാണ് പ്രായം. ഒരുപക്ഷേ, ഇദ്ദേഹമായിരിക്കും പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. അബോട്ട്‌സ്‌ഫോർഡിനടുത്തുള്ള ഒരു ഫാമിൽ വളർന്ന ഗിൽ സ്വതന്ത്ര സ്ഥാനാർഥി മൈക്ക് ഡി ജോങ്ങിനെയാണ് പരാജയപ്പെടുത്തിയത്. പഞ്ചാബിലെ ബുക്കൻവാല ഗ്രാമത്തിൽ നിന്നുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബം. ആൽബർട്ടയിൽ ഇന്ത്യൻ വംശജരായ സ്ഥാനാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ കൺ ജസ്രാജ് സിംഗ് ഹല്ലൻ കൺസർവേറ്റീവുകൾക്ക് വേണ്ടി കാൽഗറി ഈസ്റ്റ് സീറ്റാണ് നിലനിർത്തിയത്. ഇന്ത്യൻ മാതാപിതാക്കൾക്ക് ദുബായിൽ ജനിച്ച ഹല്ലൻ 2019 മുതൽ പാർലമെന്റിലുണ്ട്.

ലിബറൽ സ്ഥാനാർഥി ജോർജ്ജ് ചാഹലിനെ പരാജയപ്പെടുത്തി ദൽവീന്ദർ ഗിൽ കാൽഗറി മക്‌നൈറ്റ് നേടി. 21 വർഷമായി റിയൽ എസ്റ്റേറ്റ് ഏജന്റായ ഗിൽ വിജയത്തിന് തന്റെ സോഷ്യൽ മീഡിയ പ്രവർത്തനത്തിന് നന്ദി പറഞ്ഞു. കാൽഗറി സ്‌കൈവ്യൂവിലെ അമൻപ്രീത് സിംഗ് ഗില്ലാണ് കൺസർവേറ്റീവുകൾക്ക് മറ്റൊരു വിജയം സമ്മാനിച്ചത്. ബിസിനസുകാരനും ഗുരുദ്വാര മാനേജരുമാണ് അദ്ദേഹം. മുതിർന്ന എം പി ടിം ഉപ്പൽ എഡ്മണ്ടൺ മിൽ വുഡ്സിലെ തന്റെ സീറ്റ് നിലനിർത്തി. 2008ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉപ്പൽ, ജനാധിപത്യ പരിഷ്‌കരണ സഹമന്ത്രി ഉൾപ്പെടെയുള്ള മന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ക്യൂബെക്കിൽ ലിബറൽ പാർട്ടിയിലെ അഞ്ജു ധില്ലൺ തന്റെ വിജയ പരമ്പര തുടർന്നു. 2015ൽ തെരഞ്ഞെടുക്കപ്പെട്ട അവർ പ്രവിശ്യയിൽ നിന്നുള്ള ആദ്യത്തെ ദക്ഷിണേഷ്യൻ വനിതാ എം പിയായിരുന്നു. കൂടാതെ സ്ത്രീകളുടെ സ്റ്റാറ്റസിനായി പാർലമെന്ററി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജരായ സ്ഥാനാർഥികളിൽ നിരവധി പേർ ഒന്റാറിയോയിലും വിജയിച്ചു. മുൻ മന്ത്രിയും അഭിഭാഷകയുമായ റൂബി സഹോട്ട (ലിബറൽ, ബ്രാംപ്ടൺ നോർത്ത്) മറ്റൊരു ടേം കൂടി നേടി. ഹാർവാർഡ് വിദ്യാഭ്യാസം നേടിയ അഭിഭാഷകയും 2021ൽ ഏറ്റവും പ്രായം കുറഞ്ഞ എം പിമാരിൽ ഒരാളുമായ ഇഖ്വീന്ദർ ഗഹീർ തന്റെ മിസിസാഗ-മാൾട്ടൺ സീറ്റ് നിലനിർത്തി.

2019ൽ ആദ്യമായി പാർലമെന്റിൽ പ്രവേശിച്ച സംരംഭക മനീന്ദർ സിദ്ധു ബ്രാംപ്ടൺ ഈസ്റ്റിൽ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചു. ബ്രാംപ്ടൺ സൗത്തിനെ പ്രതിനിധീകരിക്കുന്ന സോണിയ സിദ്ധുവും തന്റെ സ്ഥാനം നിലനിർത്തി. മുൻ പ്രമേഹ വിദ്യാഭ്യാസ പ്രവർത്തകയായിരുന്ന അവർ സ്ത്രീകളുടെ ആരോഗ്യത്തിലും അവകാശങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മുൻ പ്രവിശ്യാ മന്ത്രി പർമ് ഗിൽ കൺസർവേറ്റീവ് പാർട്ടിയിൽ മിൽട്ടൺ ഈസ്റ്റ്ഹാൾട്ടൺ ഹിൽസ് സൗത്ത് സീറ്റിൽ വിജയിച്ചു. മുൻ ഫെഡറൽ കാബിനറ്റ് മന്ത്രിയായ ബാർഡിഷ് ചാഗർ വാട്ടർലൂവിൽ തന്റെ സ്ഥാനം നിലനിർത്തി. ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ 10 പുതിയ ഇന്തോ- കനേഡിയൻ എം പിമാരാണ് ഇടം നേടിയത്.

You might also like

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

Top Picks for You
Top Picks for You