newsroom@amcainnews.com

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ വാദം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ലാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ദിലീപ് 2019ൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിൾ ബെ‍ഞ്ച് വിധിയിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്ന് ഇന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും അത് തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപ് വാദിച്ചിരുന്നു. ഈ വാദങ്ങൾ പക്ഷേ കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

നടി ആക്രമിച്ച കേസിന്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുകയാണ്. ഈ മാസം 11നു തന്നെ വാദം പൂർത്തിയാക്കണം എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വിചാരണ കോടതി നൽകിയിട്ടുള്ള നിർദേശം. ഇതിനിടയിലാണ് സിബിഐ അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവും വന്നത്.

2017 ഫെബ്രുവരി 17നാണ് ഷൂട്ടിങ്ങിനു ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെടുന്നതും ഇതിന്റെ ദൃശ്യങ്ങൾ പകർത്തപ്പെടുന്നതും. പൾസർ സുനി കേസിൽ ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ദിലീപ് ഒന്നര കോടി രൂപയ്ക്ക് തനിക്ക് ക്വട്ടേഷൻ തന്നതാണെന്ന് അവകാശപ്പെട്ട് പൾസർ സുനി അടുത്തിടെ രംഗത്തെത്തിയിരുന്നു.

You might also like

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

Top Picks for You
Top Picks for You