newsroom@amcainnews.com

കറുപ്പിന് ഏഴഴക് ആണെന്നു പറയുന്നതു പോലും ആശ്വസിപ്പിക്കാനുള്ള പറച്ചിലാണ്. നമ്മുടെ നാട്ടിൽ വർണവെറിയുണ്ട് എന്നതിൽ സംശയം വേണ്ട; ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ കുറുപ്പ് ചർച്ചയാകുന്നു

തിരുവനന്തപുരം: നിറത്തിന്റെ പേരിലുള്ള പരാമർശം അപ്രതീക്ഷിതമായിരുന്നുവെന്നും അതു കേട്ട് ഞെട്ടിപ്പോയെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കറുപ്പിന് ഏഴഴക് ആണെന്നു പറയുന്നതു പോലും ആശ്വസിപ്പിക്കാനുള്ള പറച്ചിലാണ്. നമ്മുടെ നാട്ടിൽ വർണവെറിയുണ്ട് എന്നതിൽ സംശയം വേണ്ട. കറുപ്പിനെ ഹീറോ ആക്കാൻ കഴിയണം. അപ്പോൾ അത് ഉൾക്കൊള്ളാനും ഇഷ്ടപ്പെടാനും കഴിയും. ഇത്തരം പരാമർശങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ലെന്നു പറയുന്നവരാരും കറുത്തവരല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

നിറത്തെക്കുറിച്ച് ആരാണ് തന്നോടു പരാമർശിച്ചതെന്നു പറയുന്നില്ലെന്നും പറഞ്ഞ സമയത്ത് മറുപടി നൽകിയില്ലെന്നും ശാരദാ മുരളീധരൻ പറഞ്ഞു. ‘‘ഒരു വ്യക്തിയുടെ മാത്രം മനോഭാവത്തിന്റെ വിഷയമല്ലിത്. സമൂഹത്തിന്റെ മനോഭാവത്തിൽനിന്ന് അറിയാതെ ഇറങ്ങിവന്ന പ്രയോഗമായിരുന്നു അത്. ഒരു വ്യക്തിയെ മാത്രം ക്രൂശിച്ചതുകൊണ്ടു കാര്യമില്ല. സ്ത്രീ ആയതുകൊണ്ടാവാം ഇത്തരം ചോദ്യമുണ്ടായത്. പക്ഷേ പുരുഷന്മാരും കറുപ്പിന്റെ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. മക്കൾക്കെങ്കിലും കുറച്ചു വെളുപ്പ് കിട്ടാൻ വെളുത്ത ഭാര്യയെ തപ്പിയെടുത്തു എന്ന പ്രതികരണം കണ്ടിരുന്നു. വിനോദമേഖലയിൽ ഉൾപ്പെടെ സ്ത്രീകൾക്കാണ് പ്രശ്‌നം കൂടുതൽ. നിറവും രൂപഭാവവും ഇങ്ങനെ ആയിരിക്കണം എന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ സ്ത്രീക്കു മുകളിൽ വരുത്താനാണ് ശ്രമിക്കുന്നത്. പുതിയ തലമുറയിലും എല്ലാത്തരം പ്രവണതകളും ഉണ്ട്. പക്ഷേ അവർ കുറേക്കൂടി ശക്തമായി, ഇത്തരം വിവേചനങ്ങളെ അംഗീകരിക്കാതെ, കാണുന്നത് കാണുന്നുവെന്നു പറയാനുള്ള ചങ്കൂറ്റത്തോടെയാണു മുന്നോട്ടുപോകുന്നത്. കറുപ്പിനെ ഹീറോ ആക്കാൻ കഴിയണം. അപ്പോൾ അത് ഉൾക്കൊള്ളാനും ഇഷ്ടപ്പെടാനും കഴിയും.

കറുപ്പിനെക്കുറിച്ചുള്ള എന്റെ പ്രശ്‌നം ഭർത്താവിനും അദ്ദേഹത്തിന്റെ ഉയരത്തെക്കുറിച്ചുള്ള പ്രശ്‌നം എനിക്കും അറിയാം. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. അതൊക്കെ തുറന്നു സംസാരിച്ച്, ഒരു ഭാഗത്തും വിഷയമല്ല എന്നു തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു പ്രണയം. കുടുംബജീവിതത്തിൽ അത്തരമൊരു അപകർഷതാബോധം ഒരിക്കലും ഉണ്ടായിട്ടില്ല. ഔദ്യോഗിക ജീവിതത്തിൽ മുൻഗാമി വലിയ പേരെടുത്ത ആളാകുമ്പോഴാണു നമുക്ക് പ്രശ്‌നമുണ്ടാകുന്നത്. അപ്പോഴാണ് താരതമ്യം ഉണ്ടാകുന്നത്. ആ പദവിയിലേക്കുള്ള പിൻഗാമി ഭാര്യ കൂടി ആകുമ്പോൾ അതേ സ്വഭാവം തന്നെ തുടർന്നു പോകണം എന്ന തരത്തിലാണു പലരും നിരീക്ഷിക്കുന്നത്. പക്ഷേ മുൻപുണ്ടായിരുന്നതിൽനിന്നും വളരെ വ്യത്യസ്തമായ ശൈലി കാണുമ്പോൾ പലർക്കും ബുദ്ധിമുട്ടാണ്’’–ശാരദ മുരളീധരൻ പറഞ്ഞു.

നിറം കൊണ്ടു വ്യത്യസ്തമായി കാണുന്നത് ജനിച്ചതു മുതൽ തന്നെ പലർക്കും അനുഭവിക്കേണ്ടിവരുന്നതാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇപ്പോൾ വരുന്ന പ്രതികരണങ്ങളും അതാണു സൂചിപ്പിക്കുന്നത്. രണ്ടു തരത്തിലാണ് പ്രതികരണങ്ങൾ വരുന്നത്. നിങ്ങൾ എന്തിനാണ് ഇതൊക്കെ വലുതായി കാണുന്നത്. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുപോകട്ടേ, നിങ്ങൾ നിങ്ങളുടെ ജോലി നോക്കൂ എന്നാണു ചിലർ പറയുന്നത്. എന്നാൽ ഞാനും ഇതു കുറേ കേട്ടിട്ടുള്ളതാണെന്നും ജീവിതത്തിൽ അതു ബാധിച്ചിട്ടുണ്ടെന്നും പറയുന്നവരുമുണ്ട്. ഇതു മൈൻഡ് ചെയ്യണ്ട എന്നു പറയുന്നവരാരും കറുത്തവരല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

നമ്മുടെ നാട്ടിൽ വർണവെറിയുണ്ട് എന്നതിൽ സംശയം വേണ്ട. വിവാഹം നോക്കുമ്പോൾ പെൺകുട്ടിയുടെ സൗന്ദര്യം എന്നു പറയുന്നതിനു മുൻപ് തന്നെ പറയുന്നതു വെളുത്തു സുന്ദരി ആയിരിക്കണം എന്നാണ്. അല്ലാതെ കറുത്ത സുന്ദരിയെ ആരും തേടി പോകുന്ന പ്രശ്‌നമില്ല. പലയിടത്തുനിന്നും ഇതൊക്കെ കേൾക്കുമ്പോൾ നമുക്കെന്തോ കുറവാണെന്നുള്ള തോന്നലാണ് ഉണ്ടാക്കുന്നത്. അതിനോടു നമുക്ക് ബോധപൂർവം പോരടിക്കേണ്ടിവരും. അതേസമയം ഇരുണ്ട നിറമല്ലാത്തവർക്ക് അത്തരത്തിലുള്ള പ്രതിസന്ധിയില്ല. അത്തരത്തിലുള്ള വിവേചനം സമൂഹത്തിൽ നിലനിൽക്കുണ്ട്. കറുപ്പാണെങ്കിൽ എന്താ നല്ല ഐശ്വര്യം ഉണ്ടെന്നുള്ളത് കുട്ടിക്കാലം മുതൽ കേൾക്കുന്നതാണ്. കറുപ്പ് എന്നത് ഒരു പ്രശ്‌നമാണ്, പക്ഷേ നമ്മൾ അതിനെ എങ്ങനെയൊക്കെയോ കൈകാര്യം ചെയ്യുന്നുവെന്നാണ് വരുത്തിത്തീർക്കുന്നത്. കറുപ്പിന് അഴക് എന്നു പറയുന്നതു പോലും ഒരുതരത്തിൽ ആശ്വാസം തരാൻ പറയുന്നതു പോലെയാണ്. സാരമില്ല, കറുപ്പിന് ഏഴഴക് ആണല്ലോ, ദൈവങ്ങൾ എല്ലാം കറുപ്പാണല്ലോ എന്നൊക്കെയാണ് പറയുന്നത്. യഥാർഥത്തിൽ സമൂഹത്തിൽ നിറത്തിനോട് ഒരു പ്രശ്‌നമുണ്ട്- ചീഫ് സെക്രട്ടറി പറഞ്ഞു.

കറുപ്പ് നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ച് ചീഫ് സെക്രട്ടറി സമൂഹമാധ്യമത്തിൽ തുറന്നെഴുതിയതാണ് പൊതുസമൂഹത്തിൽ വലിയതോതിൽ ചർച്ചയായത്. തന്റെ നിറം മുതൽ ജോലിയിൽ വരെ ഒരു സ്ത്രീ നേരിടുന്ന വിമർശനങ്ങളെയും താരതമ്യപ്പെടുത്തലുകളെയും കുറിച്ചാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. പ്രതിപക്ഷ നേതാവും എംഎൽഎമാരുൾപ്പെടെ നിരവധി പേർ ശാരദാ മുരളീധരന്റെ വാക്കുകളെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തെത്തി. ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് ഷെയർ ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ അമ്മയ്ക്കും കറുപ്പ് നിറമായിരുന്നു എന്ന് കുറിച്ചു. കറുപ്പ് മോശമാണെന്ന ചിന്ത രാഷ്ട്രീയമായി തന്നെ തെറ്റാണ്. പുതിയ തലമുറയിലേക്ക് ഈ കാഴ്ചപ്പാട് പടരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരദ മുരളീധരന്റെ തുറന്നുപറച്ചിൽ നല്ലതാണെന്ന് കെ.രാധാകൃഷ്ണൻ എംപി പറഞ്ഞു. പുതിയ തലമുറയിലെ ആരുമാകില്ല ചീഫ് സെക്രട്ടറിയെ അപമാനിച്ചതെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പ്രതികരണം. മുൻ മന്ത്രി പി.കെ.ശ്രീമതി ഉൾപ്പെടെ വിവിധ രംഗത്ത് പ്രവർത്തിക്കുന്നവരും ശാരദാ മുരളീധരന് പിന്തുണ അറിയിച്ചു.

You might also like
Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

Vadakara Drug Case: Accused teachers in police custody

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷസാധ്യത; ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ആശങ്കയുയർത്തുന്നു

Canada Retail Sales Slip After Rising a Sixth Straight Month in June

ജൂണിലെ തുടർച്ചയായ ആറാം മാസത്തെ വളർച്ചയ്ക്ക് ശേഷം കാനഡയിൽ റീട്ടെയിൽ വിൽപ്പന കുറഞ്ഞു

ഓറിഗനിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവം: പ്രതി മരിച്ചനിലയിൽ

Top Picks for You
Top Picks for You