തൃശൂർ • തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ മൃതദേഹം 36 മണിക്കൂറോളം ആരും അറിയാതെ കിടന്ന സംഭവം വലിയ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. വാർഡിനോട് ചേർന്നുള്ള ശുചിമുറിയിലാണ് മാക്കുട്ടി റാവുത്തർ (77) എന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ 16-നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വ്യാഴാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ശനിയാഴ്ചയാണ് വാർഡിനോട് ചേർന്ന ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ, മൃതദേഹം കിടന്ന ശുചിമുറി വെള്ളിയാഴ്ചയും വൃത്തിയാക്കിയിരുന്നതായാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് പറയുന്നത്. ഇത് സംഭവത്തിൽ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കൂടെ സഹായത്തിന് ആരുമില്ലാതെ ‘അജ്ഞാതൻ’ എന്ന പേരിലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കണ്ടെത്തുന്നതിന് 36 മണിക്കൂർ മുൻപേ മരണം സംഭവിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടത്തിലാണ് വ്യക്തമായത്.








