വൻകൂവർ : മോശം കാലാവസ്ഥയെത്തുടർന്ന് മെട്രോ വൻകൂവറിനും വൻകൂവർ ദ്വീപിനും ഇടയിലുള്ള നിരവധി ഫെറി സർവീസുകൾ ചൊവ്വാഴ്ച രാത്രി റദ്ദാക്കിയതായി ബി.സി. ഫെറീസ് അറിയിച്ചു. കൂടാതെ സവാസ്സെൻ-വിക്ടോറിയ സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. സ്ട്രെയിറ്റ് ഓഫ് ജോർജിയ’യിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സർവീസുകൾ റദ്ദാക്കിയത്. സർവീസുകളെക്കുറിച്ചും അവ റദ്ദാക്കുന്നതിനെക്കുറിച്ചും വിവരങ്ങൾ അറിയാൻ, യാത്രക്കാർ ബി.സി. ഫെറീസിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിക്കണം.
വൻകൂവർ ദ്വീപിലും ബി.സി.-യുടെ തെക്കൻ തീരപ്രദേശങ്ങളിലും ശക്തമായ കൊടുങ്കാറ്റും വേലിയേറ്റങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ തീരപ്രദേശങ്ങളിൽ ജലനിരപ്പ് 50 സെൻ്റീമീറ്റർ വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഈ കാലയളവിൽ വൻകൂവർ ദ്വീപിന്‍റെ ചില ഭാഗങ്ങളിൽ 225 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും സാധ്യതയുണ്ട്.








