തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്ന വേളകളിൽ സന്ദർശകരുടെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടു. സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. സമ്മേളന ദിവസങ്ങളിൽ നിയന്ത്രണാതീതമായ ജനത്തിരക്കാണ് സഭാ മന്ദിരത്തിൽ അനുഭവപ്പെടുന്നതെന്ന് സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലും സ്പീക്കർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടന്ന രണ്ട് സമ്മേളനങ്ങളിലും സഭാസമുച്ചയത്തിൽ വൻ ജനത്തിരക്ക് ഉണ്ടായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ നിർദ്ദേശിക്കപ്പെട്ടത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ഒരുമിച്ചെത്തുന്ന സഭയ്ക്കുള്ളിലേക്ക് കർശന പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും ശേഷമാണ് സാധാരണയായി ആളുകളെ കടത്തിവിടാറുള്ളത്. എന്നാൽ, കഴിഞ്ഞ രണ്ട് സെഷനുകളിലും ഇക്കാര്യത്തിൽ സുരക്ഷാ വീഴ്ചകളുണ്ടായതായി ഇന്റലിജൻസ് വിഭാഗം കണ്ടെത്തുകയും സർക്കാർ ഇക്കാര്യം സ്പീക്കറെ അറിയിക്കുകയും ചെയ്തു.
സുരക്ഷാ ചുമതലയുള്ള വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതിലും അപ്പുറമുള്ള ആളുകളാണ് സഭയിലെത്തുന്നതെന്ന് ചീഫ് മാർഷലിന്റെ റിപ്പോർട്ടിലും വ്യക്തമാക്കുന്നു. ഈ മാസം 30-ന് തുടങ്ങുന്ന പുതിയ നിയമസഭാ സമ്മേളനത്തിന് മുൻപായി സാഹചര്യം വിലയിരുത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് സ്പീക്കർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അനാവശ്യമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കേണ്ടതില്ലെങ്കിലും സുരക്ഷാ മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിലപാട്. ഇതിന്റെ ഭാഗമായി സന്ദർശക പാസുകൾ വിതരണം ചെയ്യുന്നതിൽ പരിധി നിശ്ചയിക്കും. പരാതികളും നിവേദനങ്ങളുമായി എത്തുന്ന പൊതുജനങ്ങളോട് നിയമസഭയിലേക്ക് വരാൻ മന്ത്രിമാരും എംഎൽഎമാരും നിർദ്ദേശിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും മുൻകാലങ്ങളിൽ യുഡിഎഫും എൽഡിഎഫും ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
മന്ത്രിമാർക്ക് സെക്രട്ടേറിയറ്റിലെ ഓഫിസിലും എംഎൽഎമാർക്ക് നിയമസഭാ ഹോസ്റ്റലിലും നിവേദനങ്ങൾ കൈപ്പറ്റാൻ കഴിയും. പരമാവധി അങ്ങനെ ചെയ്യണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടേക്കും. അടുത്ത സമ്മേളനത്തിനു മുൻപായി സ്ഥിതി അവലോകനം ചെയ്തു നിർദേശങ്ങൾ മുഖ്യമന്ത്രിക്കു കൈമാറാനാണ് ആലോചന.








