ടൊറന്റോയിൽ വംശീയ വിദ്വേഷത്തിന്റെ പേരിൽ ആളുകളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ 55-കാരനായ ഹാമിൽട്ടൺ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:50-ഓടെ ഒരു സാമൂഹിക പ്രവർത്തകനോടാണ് ഇയാൾ തന്റെ ഈ ഉദ്ദേശ്യം വെളിപ്പെടുത്തിയത്. ഉടൻ തന്നെ സാമൂഹിക പ്രവർത്തകൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ടൊറന്റോ പോലീസും ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസും (OPP) ഇയാളുടെ വാഹനത്തിനായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച വൈകുന്നേരം 4:26-ഓടെ ഹാമിൽട്ടണിലെ സ്കൈവേ പാലത്തിന് (Skyway Bridge) താഴെയുള്ള ഈസ്റ്റ്പോർട്ട് ഡ്രൈവിൽ നിന്നും പോലീസ് ഇയാളുടെ വാഹനം കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിദ്വേഷ പ്രേരിതമായി വധഭീഷണി മുഴക്കിയതിന് (uttering threats to cause death – motivated by hate) ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട ഏതൊരു സംഭവവും, അത് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിൽ പോലും പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഹാമിൽട്ടൺ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിനുപുറമെ, ഹാമിൽട്ടൺ ആന്റി-റേസിസം റിസോഴ്സ് സെന്ററും (HARRC) ഹാമിൽട്ടൺ സെന്റർ ഫോർ സിവിക് ഇൻക്ലൂഷനും (HCCI) സംയുക്തമായി വിദ്വേഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസുമായി ബന്ധമില്ലാത്ത ഈ വെബ്സൈറ്റിലൂടെ ഇരകൾക്ക് മാനസികാരോഗ്യ ചികിത്സ, ആരോഗ്യപരിരക്ഷ, തൊഴിൽ സഹായം, നിയമസഹായം തുടങ്ങിയ വിവിധ സേവനങ്ങളും ലഭ്യമാകും.








