ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോടികൾ ചെലവഴിച്ച് നവീകരിച്ചെന്ന് ആരോപണമുയർന്ന ഡൽഹിയിലെ ഔദ്യോഗിക വസതി അടുത്തയാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രധാന പ്രചാരണായുധമാക്കിയ ഈ ബംഗ്ലാവ് ടിക്കറ്റ് നിരക്കിലാണ് സന്ദർശകർക്കായി ഒരുക്കുന്നത്. ‘ശീഷ്മഹൽ’ (ചില്ലുകൊട്ടാരം) എന്നാണ് ഈ വസതിയെ ബിജെപി വിശേഷിപ്പിച്ചിരുന്നത്. തങ്ങൾ അധികാരത്തിലെത്തിയാൽ ഈ കെട്ടിടം ഒരു മ്യൂസിയമാക്കി മാറ്റുമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്ത് അടുത്തയാഴ്ച മുതൽ ജനങ്ങൾക്ക് ബംഗ്ലാവ് സന്ദർശിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേശ് വർമ അറിയിച്ചു. വസതിക്കുള്ളിലെ ആഡംബര സൗകര്യങ്ങൾ നേരിട്ട് കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിലെത്തിയാൽ ഔദ്യോഗിക വാഹനങ്ങളോ സർക്കാർ ബംഗ്ലാവുകളോ സ്വീകരിക്കില്ലെന്നായിരുന്നു അരവിന്ദ് കേജ്‌രിവാൾ മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, നിരവധി സർക്കാർ കെട്ടിടങ്ങളും ജീവനക്കാരുടെ താമസസ്ഥലങ്ങളും പൊളിച്ചുമാറ്റിയാണ് അദ്ദേഹം ഈ ആഡംബര വസതി നിർമ്മിച്ചതെന്നും മന്ത്രി പർവേശ് വർമ കുറ്റപ്പെടുത്തി.








