വിവിധ കേസുകളിൽ പ്രതിയായ യുവാവ് ഇരുനില വീടിന്റെ ടെറസിന് മുകളിൽ കയറി ആയുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കി പോലീസിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. ഏകരൂർ നെല്ലിനു കുന്നുമ്മൽ സ്വദേശിയായ റഹ്മാദ് (31) എന്നയാളെയാണ് പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് സാഹസികമായി കീഴടക്കിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് തൊണ്ടർനാട് പോലീസ് ഇയാൾ തങ്ങിയിരുന്ന എസ്റ്റേറ്റ് വീട്ടിലെത്തിയപ്പോഴാണ്, അറസ്റ്റ് ഒഴിവാക്കാനായി ഇയാൾ ആയുധങ്ങളുമായി വീടിന്റെ മുകളിലേക്ക് കയറിയത്.
നാടകീയ രംഗങ്ങൾ നീണ്ടുപോയതോടെ തൊണ്ടർനാട് പോലീസ് ബാലുശ്ശേരി പോലീസിന്റെ സഹായം തേടി. 5 മണിക്കൂറോളം പരിശ്രമിച്ചിട്ടും പ്രതി വഴങ്ങാതിരുന്നതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നരയംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേന വീടിന്റെ രണ്ടു ഭാഗങ്ങളിൽ നിന്നായി കോണികൾ വെച്ച് ടെറസിലേക്ക് കയറി ശ്രദ്ധ തിരിക്കുകയും, പോലീസിന്റെയും ഫയർഫോഴ്സിന്റെയും സംയുക്ത നീക്കത്തിലൂടെ മിന്നൽവേഗത്തിൽ ഇയാളെ കീഴടക്കുകയുമായിരുന്നു. ഫയർ സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദ്, സീനിയർ ഫയർ ഓഫീസർ ആർ. ബാബു മഹേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.







