വിദേശത്തുനിന്ന് മൊബൈൽ ഫോൺ കൊണ്ടുവരുമ്പോൾ അറിയേണ്ട കാര്യങ്ങൾ; കസ്റ്റംസ് നിയമങ്ങൾ വ്യക്തമാക്കി അധികൃതർ
വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാർ പുതിയ ഫോണുകളുമായി വരുമ്പോൾ പാലിക്കേണ്ട കസ്റ്റംസ് നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി എയർപോർട്ട് കസ്റ്റംസ് അധികൃതർ. കണ്ണൂർ മട്ടന്നൂർ വിമാനത്താവളത്തിൽ പുതിയ ഐഫോണുമായി എത്തിയ യാത്രക്കാരനും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിൽ ഡ്യൂട്ടി തുകയെച്ചൊല്ലി തർക്കമുണ്ടായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഒരു യാത്രക്കാരന് ഡ്യൂട്ടി ഇളവുകൾക്ക് പുറമെ ഫോൺ ഉൾപ്പെടെ 75,000 രൂപ വരെയുള്ള സാധനങ്ങൾ ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാൻ അനുവാദമുണ്ട്. സ്വർണം, മദ്യം, ലാപ്ടോപ്പ് എന്നിവയ്ക്കുള്ള പ്രത്യേക ഇളവുകൾക്ക് പുറമെയാണിത്.
എന്നാൽ 75,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകളാണ് കൊണ്ടുവരുന്നതെങ്കിൽ, അവ യാത്രക്കാരന്റെ സ്വന്തം ദൈനംദിന ഉപയോഗത്തിലുള്ളതാണെങ്കിൽ നികുതി അടയ്ക്കേണ്ടതില്ല. ഒന്നിലധികം ഫോണുകൾ കൈവശമുണ്ടെങ്കിലും അവ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതാണെന്ന് അധികാരികൾക്ക് മുന്നിൽ തെളിയിക്കാൻ സാധിച്ചാൽ ഇളവ് ലഭിക്കും. ബാഗേജ് ചട്ടങ്ങളിൽ ഫോണിൽ സിം കാർഡ് വേണമെന്ന് പ്രത്യേകം വ്യക്തമാക്കുന്നില്ലെങ്കിലും, ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നതാണെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
75,000 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങളോ പുതിയ ഫോണോ കൈവശമുണ്ടെങ്കിൽ ‘അതിഥി’ (Atithi) ആപ്പ് വഴി വിവരങ്ങൾ നൽകി കസ്റ്റംസ് കൗണ്ടറിൽ ഡിക്ലറേഷൻ നൽകണം. പരിധിയായ 75,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് മാത്രമാണ് 35% കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്നത്. ഉദാഹരണത്തിന്, ഒരു ലക്ഷം രൂപയുടെ പുതിയ ഫോണാണെങ്കിൽ അധികമായി വരുന്ന 25,000 രൂപയ്ക്ക മാത്രമാണ് 35% ഡ്യൂട്ടി അടയ്ക്കേണ്ടത്.
നിയമാനുസൃതമായി ഡ്യൂട്ടി അടയ്ക്കാതെ ഫോണുകൾ കടത്താൻ ശ്രമിച്ചാൽ അത് കള്ളക്കടത്തായി പരിഗണിച്ച് നിയമനടപടികൾ സ്വീകരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഫോൺ പിടിച്ചുവെക്കുകയും 35% ഡ്യൂട്ടിയും അതിനൊപ്പമുള്ള പിഴയും ഈടാക്കാൻ നോട്ടീസ് നൽകുകയും ചെയ്യും. ഐഫോണുകൾ ഉൾപ്പെടെയുള്ള എല്ലാ ബ്രാൻഡ് ഫോണുകൾക്കും ഒരേ നിബന്ധനകളാണ് ബാധകമെന്നും പ്രത്യേക നിയമങ്ങൾ ഒന്നുമില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.







