സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനായി കണ്ണുകൾ മൂടിക്കെട്ടിയ ശേഷം കൗമാരക്കാരന്റെ ശരീരത്തിൽ തീ കൊളുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരാണ് പിടിയിലായത്.
പണം സംബന്ധിച്ച തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ മാസം 27-ന് നടന്ന സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൗമാരക്കാരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹെൽമറ്റ് ധരിച്ച് നിൽക്കുന്ന കൗമാരക്കാരന്റെ മേൽ പ്രതികളിലൊരാൾ സ്കൂട്ടറിൽ നിന്ന് പെട്രോളെടുത്ത് ഒഴിക്കുന്നതും, തുടർന്ന് മറ്റൊരാൾ നൽകിയ തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തുന്നതും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.







