‘ആവേശം’ സിനിമയിലൂടെ ഏറെ പ്രശസ്തനായ നടൻ സജിൻ ഗോപു, കേരളത്തിലെ ആദ്യത്തെ ‘ജീപ്പ് റാങ്ഗ്ലർ വൈറ്റ്ക്യാപ് മൊജിറ്റോ എഡിഷൻ’ സ്വന്തമാക്കി. ആഗോളതലത്തിൽ ആകെ 250 യൂണിറ്റുകൾ മാത്രം നിർമ്മിക്കുന്ന ഈ വാഹനത്തിന്റെ 25 എണ്ണം മാത്രമാണ് ഇന്ത്യക്കായി മാറ്റിവെച്ചിട്ടുള്ളത്, അതിൽ കേരളത്തിലേക്ക് എത്തിയത് വെറും രണ്ട് എണ്ണമാണ്. അന്താരാഷ്ട്ര വിപണിയിൽ വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണെങ്കിലും ഇന്ത്യയിൽ തിളക്കമുള്ള പച്ച നിറത്തിലുള്ള മൊജിറ്റോ എഡിഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 73.55 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഈ ലിമിറ്റഡ് എഡിഷൻ കാറുകൾ ഇതിനോടകം തന്നെ പൂർണ്ണമായി വിറ്റുതീർന്നിട്ടുണ്ട്.

വാഹനത്തിന്റെ പുറംഭാഗം വില്ലിസ് പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രൈറ്റ് വൈറ്റ് ഫിനിഷിലുള്ള ഹാർഡ്ടോപ്പ് റൂഫും സെവൻ-സ്ലോട്ട് ഫ്രണ്ട് ഗ്രിൽ ബോർഡും പച്ച ബോഡിയുമായി ചേരുമ്പോൾ വാഹനം മികച്ച ഒരു ലുക്ക് നൽകുന്നു. കൂടാതെ മുൻവാതിലുകളിലെ ‘1941’ ഗ്രാഫിക്സും പിന്നിലെ ‘4 വീൽ ഡ്രൈവ്’ ബാഡ്ജും ഇതിനെ സാധാരണ മോഡലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു.
മെക്കാനിക്കൽപരമായി സ്റ്റാൻഡേർഡ് റൂബിക്കൺ മോഡലിന് സമാനമാണ് ഈ വാഹനം. 272 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകുന്ന 2.0 ലീറ്റർ ടർബോ-പെട്രോൾ എഞ്ചിനും, ഒപ്പം 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് ഈ കരുത്തുറ്റ വാഹനത്തിന് ശക്തി പകരുന്നത്.







