കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. വിദേശത്തുനിന്നും 18 പവൻ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശിനിയായ പ്രിയങ്ക, കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരും, സ്വർണം വാങ്ങാൻ അവിടെയെത്തിയ മട്ടന്നൂർ സ്വദേശി ജാബിറുമാണ് പിടിയിലായത്.
ഇന്നു രാവിലെ 11:30-ഓടെ വിമാനത്താവളത്തിലെത്തിയ പ്രിയങ്കയെയും കൊണ്ട് ഒരു നീല നിറത്തിലുള്ള കാർ അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. സ്വർണം സ്വീകരിക്കാൻ നിന്നിരുന്ന ജാബിർ കാറിനു പിന്നാലെ ഓടിയെങ്കിലും തടയാനായില്ല. തുടർന്ന്, മറ്റൊരു സ്വർണക്കടത്ത് സംഘമാണെന്ന സംശയത്താൽ കരിപ്പൂർ എസ്‌ഐയും പൊലീസും ഇവരെ പിന്തുടർന്നു. ഇടവഴികളിലൂടെ അമിതവേഗതയിൽ പാഞ്ഞ കാറിനെ 12 കിലോമീറ്റർ അകലെ പൂളക്കൽ അങ്ങാടിയിൽ വെച്ച് റോഡ് കുറുകെ ഇട്ട് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തടയുകയായിരുന്നു.
പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും, കേസിൽ പ്രിയങ്കയുടെ പങ്ക് പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എസ്‌ഐമാരായ സൈതലവി കുമാർ, റീന, കബീർ എന്നിവരും മറ്റ് പൊലീസും സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഈ സംഘത്തെ പിടികൂടിയത്.







