ഡർഹാം റീജിയണിൽ പ്രത്യേക ആരോഗ്യ-ഭക്ഷണ ആവശ്യങ്ങളുള്ള ആളുകൾക്ക് സേവനം നൽകുന്ന ‘വിറ്റ്ബി സ്പെഷ്യാലിറ്റി ഫുഡ് ബാങ്ക്’ സ്വന്തമായി ഒരു കെട്ടിടമില്ലാതെ കടുത്ത പ്രതിസന്ധി നേരിടുന്നു. സ്ഥിരമായ ഒരു സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി സ്കാർബറോയിലെ ബെല്ലാമി റോഡ് നോർത്തിന് സമീപമുള്ള ഗ്രേസ് ലൈഫ് സെന്റർ പാർക്കിംഗ് ഏരിയയിലാണ് ഈ ജീവകാരുണ്യ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. മുമ്പ് വിറ്റ്ബിയിലെ കെൻഡൽവുഡ് അഡ്വെൻറ്റിസ്റ്റ് ചർച്ചിൽ പ്രവർത്തിച്ചിരുന്ന ഇവർക്ക്, തദ്ദേശസ്വയംഭരണ നിയമാവലികളുടെ (bylaw) നിയന്ത്രണങ്ങൾ കാരണമാണ് അവിടെനിന്ന് മാറേണ്ടിവന്നത്.
ഈ വരുന്ന ശൈത്യകാലത്ത് അടച്ചുറപ്പുള്ള ഒരു കെട്ടിടം ലഭിച്ചില്ലെങ്കിൽ ഡർഹാമിലെ ജനങ്ങൾക്കുള്ള സേവനം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് സ്ഥാപകയും രജിസ്റ്റേർഡ് നഴ്സുമായ മാർസിയ വൈറ്റ്. മേൽക്കൂരയോ തണലോ ഇല്ലാതെ തുറസ്സായ സ്ഥലത്ത് പ്രവർത്തിക്കുന്നത് വളണ്ടിയർമാരെ സാരമായി ബാധിക്കുന്നുണ്ടെന്നും, സന്നദ്ധപ്രവർത്തകരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരായതിനാൽ കഠിനമായ തണുപ്പിൽ പുറത്തുനിൽക്കാൻ ബുദ്ധിമുട്ടുകയാണെന്നും അവർ വ്യക്തമാക്കി. ഒരു സ്ഥിരമായ കെട്ടിടം ലഭിക്കുന്നതുവരെ തങ്ങളുടെ ഫുഡ് ബാങ്ക് “വീടില്ലാത്ത” അവസ്ഥയിലാണെന്ന് വൈറ്റ് കൂട്ടിച്ചേർത്തു.
നിലവിൽ ഓരോ ആഴ്ചയും 85 കുടുംബങ്ങൾക്കും ഗ്രൂപ്പ് ഹോമുകളും മതസ്ഥാപനങ്ങളും ഉൾപ്പെടെയുള്ള 50 ജീവകാരുണ്യ സംഘടനകൾക്കും ഈ ഫുഡ് ബാങ്ക് ഭക്ഷണം നൽകുന്നുണ്ട്. ഇവരുടെ ഉപഭോക്താക്കളിൽ 90 ശതമാനവും ഡർഹാം റീജിയണിൽ നിന്നുള്ളവരാണ്. വിറ്റ്ബി, അജാക്സ്, ഒഷാവ തുടങ്ങിയ ഇടങ്ങളിലെ ആളുകൾക്ക് വളണ്ടിയർമാർ ഭക്ഷണം വീടുകളിലെത്തിച്ചു നൽകുകയും സ്കാർബറോയിൽ നിന്ന് എത്തുന്നവർക്ക് നേരിട്ട് നൽകുകയും ചെയ്യുന്നു. ഗ്ലൂട്ടൻ-ഫ്രീ, ലാക്ടോസ്-ഫ്രീ, പ്രമേഹരോഗികൾക്കുള്ള പ്രത്യേക ആഹാരം, കോഷർ (kosher), ഹലാൽ, വീഗൻ, വെജിറ്റേറിയൻ എന്നിങ്ങനെ അലർജികളും പ്രത്യേക ഭക്ഷണക്രമവുമുള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഇവർ വിതരണം ചെയ്യുന്നത്. 2024 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ മാത്രം 1.6 ദശലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ ഡർഹാം റീജിയണിൽ കുറഞ്ഞത് 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വെയർഹൗസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ സംഘടന. കെട്ടിടം സംഭാവനയായി നൽകാനോ കുറഞ്ഞ വാടകയ്ക്ക് ദീർഘകാല കരാറിൽ നൽകാനോ തയ്യാറുള്ള ദാതാക്കളെയാണ് ഇവർ തെരയുന്നത്. കൂടാതെ, മാസാന്ത ധനസഹായം നൽകുന്ന കോർപ്പറേറ്റ് ദാതാക്കൾ മുന്നോട്ടുവന്നാൽ അവർക്ക് ടാക്സ് റെസീപ്റ്റ് നൽകാൻ കഴിയുമെന്നും ഇവർ അറിയിച്ചു. ഒരു കെട്ടിടം ലഭിക്കുകയാണെങ്കിൽ സേവനം വിപുലീകരിക്കാനും കമ്മ്യൂണിറ്റി കിച്ചൺ, പരിശീലന കളരികൾ എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്.
മുൻ വിറ്റ്ബി റീജിയണൽ കൗൺസിലറായ മലീഹ ഷാഹിദ് ഉൾപ്പെടെയുള്ളവർ ഫുഡ് ബാങ്കിന് കെട്ടിടം കണ്ടെത്താനായി രംഗത്തുണ്ട്. സമീപകാലത്ത് പ്രദേശത്ത് ഭക്ഷണക്ഷാമം രൂക്ഷമായിട്ടുണ്ടെന്നും എല്ലാവരും ഒന്നിച്ചുനിന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഷാഹിദ് അഭിപ്രായപ്പെട്ടു. അടുത്ത മാസം നടക്കാനിരിക്കുന്ന ചാരിറ്റി ടോയ് ഡ്രൈവിന് (toy drive) മുമ്പായി ഒരു കെട്ടിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഫുഡ് ബാങ്ക് പ്രവർത്തകർ.







