ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രതിഷേധക്കാരന്‍റെ തുടര്‍ച്ചയായ മുദ്രാവാക്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ഫ്ലോറിഡയിലെ ഡേടോണ ബീച്ചില്‍ നടന്ന റാലിയില്‍ നാല് തവണയാണ് പ്രതിഷേധക്കാര്‍ ട്രംപിന്‍റെ പ്രസംഗം തടസ്സപ്പെടുത്തിയത്. ഇതോടെ പ്രകോപിതനായ ട്രംപ് ഒരു പ്രതിഷേധക്കാരനോട് ‘മിണ്ടാതിരിക്കൂ, മിണ്ടാതിരിക്കൂ. വിഡ്ഢി, തോല്‍വിക്കാരന്‍. ഇയാളെ ഇവിടെനിന്ന് പുറത്താക്കൂ എന്ന് ആക്രോശിച്ചു. നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെയായിരുന്നു സംഭവം.
ഇടക്കാല തിരഞ്ഞെടുപ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ആദ്യമായി പ്രതിഷേധം ഉയര്‍ന്നത്. ഇതോടെ പ്രസംഗം നിര്‍ത്തിയ ട്രംപ് പ്രതിഷേധക്കാരനു നേരെ തിരിഞ്ഞ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. പിന്നീട് പ്രസംഗത്തിനിടെ വീണ്ടും തടസ്സങ്ങളുണ്ടായപ്പോള്‍ തന്‍റെ തമാശകള്‍ക്കും പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ക്കും ഇടയില്‍ പ്രതിഷേധക്കാര്‍ ഇടപെടുകയാണെന്ന് ട്രംപ് പരാതിപ്പെട്ടു. ഇതിനിടെ സദസ്സിലുണ്ടായിരുന്ന അനുയായികള്‍ ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് മുദ്രാവാക്യം മുഴക്കി. ഇതിന് മറുപടിയായി എതിര്‍വശത്തുനിന്ന് മറ്റൊരു അഭിപ്രായം പറയാന്‍ ആരെങ്കിലും വരുന്നതുവരെ കാത്തിരിക്കുകയാണെന്നായിരുന്നു ട്രംപിന്‍റെ പരിഹാസം.
അതേസമയം, നേരത്തെ റദ്ദാക്കിയ അയോവ, കന്‍സാസ് പ്രചാരണ റാലികള്‍ ഞായറാഴ്ച നടത്തുമെന്ന് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. നിശ്ചയിച്ചിരുന്ന വാരാന്ത്യ പരിപാടികള്‍ റദ്ദാക്കി 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു പുതിയ തീയതികള്‍ പ്രഖ്യാപിച്ചത്.







