ലോകത്തിലെ ഏക തന്ത്രപ്രധാന മേപ്പിൾ സിറപ്പ് കരുതൽ ശേഖരമായ കാനഡയിലെ ക്യൂബെക്ക് വെയർഹൗസുകളിലെ സിറപ്പ് ശേഖരം ഫെബ്രുവരി അവസാനത്തോടെ പൂർണ്ണമായും തീരുമെന്ന് ഉൽപ്പാദകർ അറിയിച്ചു. ഏകദേശം 53 ഒളിമ്പിക് സ്വിമ്മിങ് പൂളുകളുടെ വലുപ്പമുള്ള ഈ കൂറ്റൻ ശേഖരം ശൂന്യമാകാൻ പ്രധാന കാരണം അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് പ്രധാന കയറ്റുമതി വിപണിയായ അമേരിക്കയിൽ കനേഡിയൻ മേപ്പിൾ സിറപ്പിനുള്ള ആവശ്യകത കുത്തനെ ഉയർന്നതാണ്. ക്യൂബെക്കിലെ 13,500-ഓളം മേപ്പിൾ സിറപ്പ് ഉൽപ്പാദകരെ പ്രതിനിധീകരിക്കുന്ന ‘പ്രൊഡക്റ്റേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസെറിക്കോൾസ് ഡു ക്യൂബെക്ക്’ (PPAQ) സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. വിപണിയിലെ ഡിമാൻഡ് നിറവേറ്റുന്നതിനൊപ്പം ശൂന്യമാകുന്ന കരുതൽ ശേഖരം പുനഃസ്ഥാപിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് PPAQ പ്രസിഡന്റ് ലൂക് ഗൗലെറ്റ് വ്യക്തമാക്കി.
ലോകത്തെ മേപ്പിൾ സിറപ്പ് വിതരണത്തിന്റെ 70 ശതമാനത്തിലധികവും ഉൽപ്പാദിപ്പിക്കുന്നത് ക്യൂബെക്ക് പ്രവിശ്യയിലാണ്. വിളവെടുപ്പിലെ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന വിലക്കയറ്റവും വിതരണത്തിലെ തടസ്സങ്ങളും ഒഴിവാക്കാൻ 2000-ൽ ആണ് ഉൽപ്പാദകർ ഈ കരുതൽ ശേഖരം സ്ഥാപിച്ചത്. എന്നാൽ ഇത്തവണ വിളവെടുപ്പിലെ കുറവു മൂലമല്ല, മറിച്ച് വിപണിയിലെ ഉയർന്ന ഡിമാൻഡ് മുൻനിർത്തി അംഗീകൃത പ്രോസസ്സിംഗ് കമ്പനികൾ തന്ത്രപ്രധാന ശേഖരത്തിലുണ്ടായിരുന്ന സിറപ്പ് മുഴുവൻ വാങ്ങി സ്വന്തം വെയർഹൗസുകളിലേക്ക് മാറ്റിയതാണ് കരുതൽ ശേഖരം തീരാൻ കാരണം. നിലവിൽ പൊതു ശേഖരം തീർന്നെങ്കിലും ഈ ഉൽപ്പന്നങ്ങൾ പ്രോസസ്സർമാരുടെ പക്കലുള്ളതിനാൽ 2027 വരെ വിപണിയിൽ പെട്ടെന്ന് ക്ഷാമമുണ്ടാകാൻ സാധ്യതയില്ലെന്ന് സംഘടനകൾ അറിയിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ കനേഡിയൻ മേപ്പിൾ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 15 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ ഭരണകൂടത്തിന്റെ താരിഫ് നയങ്ങളിലുള്ള അനിശ്ചിതത്വവും, കൃത്രിമമല്ലാത്ത സ്വാഭാവിക മധുരപലഹാരങ്ങളോടുള്ള (Natural Sweeteners) ആളുകളുടെ താല്പര്യവുമാണ് ഡിമാൻഡ് ഉയർത്തിയത്. എന്നാൽ ഭാവിയിലേക്ക് ശേഖരം പുനഃസ്ഥാപിക്കുന്നത് അത്ര എളുപ്പമല്ല. മേപ്പിൾ മരങ്ങൾ ടാപ്പ് ചെയ്യുന്നതിന് വനഭൂമിക്കായി തടി വ്യവസായ മേഖലയുമായി മത്സരിക്കേണ്ടി വരുന്നുണ്ട്. കൂടാതെ കാലാവസ്ഥാ വ്യതിയാനം കാരണം വസന്തകാലത്തെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്നത് ഉൽപ്പാദകർക്ക് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.







