യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോള്‍ രൂപത്തിനും വ്യക്തിപരമായ വിശ്വസ്തതയ്ക്കും പകരം കഴിവുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മുൻ വൈറ്റ്ഹൗസ് വക്താവ് ഷോൺ സ്പൈസര്‍. കാറ്റി സക്കറിയയുടെ നിയമനവും പുറത്താക്കലും സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് സ്പൈസറുടെ പ്രതികരണം. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി പദവിയില്‍ അഞ്ച് ദിവസം മാത്രമാണ് സക്കറിയയ്ക്ക് തുടരാനായത്. ഈ സ്ഥാനത്തേക്ക് പുതിയ ആളെ തിരഞ്ഞെടുക്കുമ്പോള്‍ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള പ്രാപ്തിയാണ് പ്രധാനമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിലെ പ്രായോഗികവും ഭരണപരവുമായ ഉത്തരവാദിത്തങ്ങളും പ്രസ് സെക്രട്ടറി സ്ഥാനത്തിന് നിര്‍ണായകമാണെന്ന് സ്പൈസര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിനെക്കുറിച്ച് അടിസ്ഥാനപരമായ അറിവില്ലാത്തവര്‍ക്കും വൈറ്റ് ഹൗസിലെ മാധ്യമപ്രവര്‍ത്തകരുമായി ഇടപഴകിയ പരിചയമില്ലാത്തവര്‍ക്കും ഈ പദവി അനുയോജ്യമാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ മുതിര്‍ന്ന ആശയവിനിമയ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന സക്കറിയയെ കാരൊലിൻ ലീവിറ്റിന് പകരമായാണ് നിയമിച്ചത്. എന്നാല്‍ സക്കറിയയുടെ ആദ്യ വാര്‍ത്താസമ്മേളനം നേരത്തേ അവസാനിപ്പിച്ചതും സംസാരിക്കുന്നതിനിടെ കടലാസില്‍ നിന്ന് വായിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പദവിയില്‍ അഞ്ച് ദിവസം മാത്രം പൂര്‍ത്തിയാക്കി അവര്‍ പുറത്തായത്.







