യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വെടിവെച്ചു കൊല്ലുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. കാൻസസ് സ്വദേശി ജേഡന്‍ റീഡ് (24) ആണ് പിടിയിലായത്. തിങ്കളാഴ്ച കാൻസസ് സംസ്ഥാനത്ത് ട്രംപ് പങ്കെടുക്കുന്ന പരിപാടിയിൽ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. തുടർന്ന് നടന്ന അന്വേഷണത്തിൽ കാൻസസിലെ ക്ലിയര്വാട്ടറില് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു.
ട്രംപിന്റെ കാൻസസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമമായ കെഎകെഇ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ കമൻ്റായിട്ടാണ് റീഡ് ഭീഷണി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോജര്‍ മാര്‍ഷലിനു വേണ്ടി പാര്‍ക്ക് സിറ്റിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് തിങ്കളാഴ്ച പ്രസംഗിച്ചത്. ട്രംപിനെ വെടിവെക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങളും തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച പരാമര്‍ശങ്ങളും റീഡ് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോർട്ട് ചെയ്തു. റാലി നടക്കുന്ന സ്ഥലത്തെക്കുറിച്ചും പ്രസംഗം നടക്കുന്ന കെട്ടിടത്തിന്റെ മേല്ക്കൂരകളെക്കുറിച്ചും തനിക്ക് അറിവുണ്ടെന്ന സൂചന നല്കുന്ന സന്ദേശവും ഇയാള്‍ പോസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. യുഎസ് സീക്രട്ട് സര്‍വീസ്, യുഎസ് മാര്‍ഷല്‍സ് സര്‍വീസ്, കന്‍സസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, കന്‍സസ് ഹൈവേ പട്രോള്‍, വിചിറ്റ പൊലീസ് വകുപ്പ് എന്നിവ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.







