യുപിഐ (UPI) ഇടപാടുകൾക്ക് എം.ഡി.ആർ (Merchant Discount Rate) അഥവാ അധിക ചാർജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുമായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) രംഗത്തെത്തി. ചാർജ്ജ് വർദ്ധനവ് ദീപാവലി കഴിഞ്ഞ ശേഷം മാത്രമേ പ്രാബല്യത്തിൽ വരുത്തൂ എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും വ്യക്തമാക്കി. ഈ തീരുമാനം നടപ്പിലാക്കുന്നത് താൽക്കാലികമായി നീട്ടി വെക്കുന്നതിന് പകരം പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു.
ഡിജിറ്റൽ ഇടപാടുകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഈ സമയത്ത് ഇത്തരം അധിക ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നത് വ്യാപാരികളെയും സാധാരണക്കാരായ ഉപഭോക്താക്കളെയും ഒരുപോലെ സാരമായി ബാധിക്കും. പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമായി മാറും. തന്മൂലം, എം.ഡി.ആർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎസ്എംഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കുകയും നാലായിരത്തിലധികം സ്വർണ്ണവ്യാപാരികൾ ഇതിൽ പങ്കാളികളാവുകയും ചെയ്തു. അധികാരികൾ ഈ നിർദ്ദേശം പൂർണ്ണമായി പിൻവലിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.







