ടെന്നസി ഗ്രേറ്റ് സ്മോക്കി മൗണ്ടന്‍സ് ദേശീയോദ്യാനം സന്ദര്‍ശിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 24 വയസ്സുള്ള സാഹില്‍ ജിലാനിയുടെ മൃതദേഹം അബ്രാംസ് വെള്ളച്ചാട്ടത്തില്‍ നിന്നുമാണ് കണ്ടെടുത്തത്.
ഒക്ടോബർ അഞ്ചു മുതല്‍ സാഹിലുമായി ബന്ധപ്പെടാന്‍ കഴിയാതായതെ വന്നതായി കുടുംബം അറിയിച്ചിരുന്നു. ഫോണിന്റെ ലൊക്കേഷനും ലഭ്യമല്ലാതായി. ആറിന് കുടുംബം പാര്‍ക്ക് റേഞ്ചര്‍മാരെ സമീപിച്ച് സാഹിലിനെ കണ്ടെത്താന്‍ സഹായം തേടി. ഏഴിന് അബ്രാംസ് വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതയുടെ സമീപത്തെ പാര്‍ക്കിങ് സ്ഥലത്ത് സാഹിലിന്റെ വാഹനം കണ്ടെത്തി. പിന്നീട് വെള്ളച്ചാട്ടത്തിനടുത്തു നിന്ന് ഫോണും താക്കോലുകളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. വെള്ളച്ചാട്ടത്തിനടുത്തുള്ള ശക്തമായ ജലപ്രവാഹത്തില്‍ അകപ്പെട്ട് സാഹില്‍ മുങ്ങിമരിച്ചിരിക്കാമെന്നാണ് നിഗമനം.







