ആൽബർട്ടയിലെ ഹിതപരിശോധനയ്ക്ക് രണ്ടാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കെ, മൂവായിരത്തിലധികം തപാൽ വോട്ടുകൾ (mail-in ballots) അസാധുവായതായി ‘ഇലക്ഷൻസ് ആൽബർട്ട’ (Elections Alberta) റിപ്പോർട്ട് ചെയ്തു. ചില ബാലറ്റ് പാക്കേജുകളിൽ ഡിക്ലറേഷൻ ഫോമുകൾ ഇല്ലാത്തതോ, തിരിച്ചറിയൽ രേഖകളുമായി ബന്ധപ്പെട്ട പിശകുകളോ പ്രശ്നങ്ങളോ കണ്ടെത്തിയതിനെ തുടർന്ന് അവ തിരികെ ലഭിച്ചതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു.
അതേസമയം അർഹരായ വോട്ടർമാർക്ക് അയച്ച 6,52,000-ത്തിലധികം ബാലറ്റ് പാക്കേജുകളിൽ മൂന്നിലൊന്ന് ഭാഗം പരിശോധിച്ചുകഴിഞ്ഞതായി ഏജൻസി അറിയിച്ചു. ഹിതപരിശോധനയ്ക്ക് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതായി കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള നടപടികൾ തുടരുകയാണ്. ആവശ്യമായ 60,000 ജീവനക്കാരിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരെയും ഇതിനകം നിയമിച്ചുകഴിഞ്ഞതായും ഏജൻസി പറയുന്നു.
കാനഡയിൽ തുടരണോ അതോ ഫെഡറേഷനിൽ നിന്ന് വിട്ടുപോകുന്നതിനെക്കുറിച്ചുള്ള രണ്ടാമത്തെതും നിർണ്ണായകവുമായ ഹിതപരിശോധനയ്ക്കുള്ള നടപടികൾ ആരംഭിക്കണോ തുടങ്ങിയ വിഷയങ്ങളിൽ ഒക്ടോബർ 19-ന് ആൽബർട്ട നിവാസികൾ വോട്ട് രേഖപ്പെടുത്തും.







