വൻകൂവർ : 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപകുതിയിൽ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കാനഡയിലെ ഏറ്റവും വലിയ തുറമുഖമായ പോർട്ട് ഓഫ് വൻകൂവർ. മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 14% വർധനയാണ് പോർട്ട് ഓഫ് വൻകൂവർ കൈവരിച്ചത്. ധാന്യങ്ങൾ, കൽക്കരി, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ഉണ്ടായ വൻ മുന്നേറ്റമാണ് ഈ ചരിത്ര നേട്ടത്തിന് കാരണമായതെന്ന് വൻകൂവർ ഫ്രേസർ പോർട്ട് അതോറിറ്റി അറിയിച്ചു. 75.8 ദശലക്ഷം മെട്രിക് ടൺ കയറ്റുമതിയാണ് ഈ തുറമുഖം വഴി നടന്നത്. അൽബർട്ട, സസ്കാച്വാൻ എന്നീ പ്രവിശ്യകളിൽ നിന്നുള്ള ധാന്യ കയറ്റുമതിയും വൻകൂവർ പോർട്ട് വഴിയുള്ള ഓട്ടോമൊബൈൽ, കണ്ടെയ്നർ നീക്കവും മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നു.
സുഗമമായ റെയിൽ-റോഡ് ഗതാഗത സൗകര്യങ്ങളും വിതരണ ശൃംഖലയിലെ കാര്യക്ഷമതയും വലിയ പ്രതിസന്ധികളില്ലാതെ വൻതോതിലുള്ള ചരക്കുകൾ കൈകാര്യം ചെയ്യാൻ സഹായിച്ചതായി പോർട്ട് അതോറിറ്റി പ്രസിഡന്റും സി.ഇ.ഒയുമായ പീറ്റർ എക്സ്ലൻഡ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും കാനഡയുടെ വിദേശവ്യാപാര മേഖലയ്ക്ക് കനത്ത ആത്മവിശ്വാസം പകരുന്നതാണ് വൻകൂവർ തുറമുഖത്തിന്‍റെ ഈ നേട്ടം.







