കാനഡയിൽ നിന്നും നാടുകടത്തിയ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ പ്രധാന അനുയായി കരംവീർ സിങ് ഡൽഹിയിൽ അറസ്റ്റിലായി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉടൻ പഞ്ചാബ് പൊലീസിൻ്റെ ആൻ്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകം, വധശ്രമം, കവർച്ച, ഭീഷണിപ്പെടുത്തി പണം തട്ടൽ, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ ഇന്ത്യ തിരയുന്ന കുറ്റവാളിയാണ് കരംവീർ. 2012-ൽ പഞ്ചാബിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ വധിച്ച കേസിൽ കരംവീർ വിചാരണ നേരിടുന്നുണ്ട്.
പ്രശസ്ത പഞ്ചാബി ഗായകൻ എ.പി. ധില്ലന്‍റെ കാനഡയിലെ വീടിന് നേരെ 2024-ൽ നടന്ന വെടിവെപ്പിനും തീവെപ്പിനും പിന്നിൽ കരംവീർ സിങ്ങാണെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ കണ്ടെത്തിയിരുന്നു. ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിക്ക് അമേരിക്കയിൽ ഒളിത്താവളമൊരുക്കിയതും, കാനഡ കേന്ദ്രീകരിച്ച് ബിഷ്‌ണോയി സംഘത്തിന് ആവശ്യമായ സാമ്പത്തിക-സഹായങ്ങൾ നൽകിയതും ഇയാളാണ്.
മെക്സിക്കോ വഴി അമേരിക്കയിലേക്കും പിന്നീട് കാനഡയിലേക്കും കടന്ന ഇയാൾ, വ്യാജ രേഖകൾ ചമച്ച് അഭയം തേടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കനേഡിയൻ അധികൃതർ അപേക്ഷ തള്ളിയതോടെയാണ് നാടുകടത്തിയത്. ദക്ഷിണേഷ്യൻ വംശജരെ കേന്ദ്രീകരിച്ച് കൊലപാതകങ്ങളും ഭീഷണിപ്പെടുത്തി പണം തട്ടലും നടത്തിവരുന്ന ബിഷ്‌ണോയി സംഘത്തിന്‍റെ ശൃംഖലയെക്കുറിച്ച് പഞ്ചാബ് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.







