തൃശൂർ കൊടുങ്ങല്ലൂർ എറിയാട് പഞ്ചായത്തിലെ വഴിക്കോട്ട് പ്രദേശത്ത് രാസമാലിണ്യം കലർന്ന മണ്ണ് ഉപയോഗിച്ച് തണ്ണീർത്തടവും കുളവും നികത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നടത്തിയ അഞ്ച് മാസത്തെ ശക്തമായ പ്രതിഷേധം വിജയത്തിലേക്ക്. 2026 ഏപ്രിലിൽ നാട്ടുകാരായ പി.ജെ. ഹബീബ്, കെ.പി. പ്രജീഷ്, കെ.ജി. സനീഷ് എന്നിവർ ഈ അനധികൃത നികത്തൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും, കോടതി ഉത്തരവുണ്ടെന്ന് തെറ്റിധരിപ്പിച്ച് ഉടമകൾ മണ്ണ് നികത്തൽ തുടർന്നു.
തുടർന്ന് എടയാറിലെ പൂട്ടിയ സിങ്ക് കമ്പനിയിൽ നിന്നുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസമാലിന്യ മണ്ണാണ് ഇവിടെ തള്ളിയിരിക്കുന്നതെന്ന് കണ്ടെത്തിയതോടെ പരിസ്ഥിതി പ്രവർത്തകരായ ഷബീറും മഹേഷും രംഗത്തിറങ്ങി. മലിനീകരണ നിയന്ത്രണ ബോർഡും കാർഷിക സർവകലാശാലയും പരിശോധന നടത്തിയെങ്കിലും ഭൂവുടമകൾ സഹകരിക്കാൻ തയ്യാറായില്ല. എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ ബോധവൽക്കരണത്തെ തുടർന്ന് നാട്ടുകാർ കൂട്ടായ്മയോടെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
രാഷ്ട്രീയപ്പാർട്ടികളുടെയും ജനങ്ങളുടെയും ശക്തമായ മുന്നേറ്റത്തിനൊടുവിൽ, കളക്ടറുടെ ഉത്തരവും അദാലത്തുകളിലെ കർശന ഇടപെടലുകളും ഉണ്ടായതോടെയാണ് ഒടുവിൽ മണ്ണ് എത്തിച്ചവർ തന്നെ അത് തിരികെ മാറ്റാൻ തയ്യാറായത്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെയും ജനങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുമായിരുന്ന ഈ വലിയ പാരിസ്ഥിതിക പ്രശ്നത്തിനെതിരെയുള്ള വിജയം വലിയ ആശ്വാസമാണ് നൽകുന്നത്.







