ഫ്ലോറിഡയിലെ ലേക്ലാൻഡിൽ മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ ജെസിക്ക വ്യാസാക് (42) അറസ്റ്റിലായി. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജെസിക്ക ആദ്യം പൊലീസിനോട് അവകാശപ്പെട്ടതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു.
കുഞ്ഞിന്റെ തലയിൽ മൂന്നിടങ്ങളിൽ ശക്തമായ ആഘാതമേറ്റിട്ടുണ്ടെന്നും ഒരു പരുക്ക് ചതുരാകൃതിയിലുള്ള വസ്തു കൊണ്ടുണ്ടായതാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം കുഞ്ഞിന്റെ തലയിൽ അമർന്നാണ് തലയോട്ടി തകർന്നതെന്നും അത് മരണത്തിന് കാരണമായെന്നും കണ്ടെത്തുകയായിരുന്നു. മദ്യപിച്ചാൽ ജെസിക്ക ആക്രമണാസക്തയാകാറുണ്ടെന്ന് കുഞ്ഞിന്റെ പിതാവ് മൊഴി നൽകിയിട്ടുണ്ട്. പോൾക്ക് കൗണ്ടി ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.







