സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രത്യേക നേതൃത്വ പരിശീലന ശില്പശാലയ്ക്ക് തുടക്കമായി. മൊത്തം 10 മണിക്കൂർ ദൈർഘ്യമുള്ള ഈ പരിശീലന പരിപാടി ഐഐഎംകെ ക്യാംപസിലാണ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒഎസ്ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ ഇതിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി ഭദ്രദീപം തെളിച്ചാണ് ആദ്യദിനത്തിലെ സെഷനുകൾക്ക് തുടക്കം കുറിച്ചത്. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരും ഐഐഎമ്മിലെ അധ്യാപകരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
കേരളത്തിന്റെ നിലവിലെ വികസന മുന്നേറ്റങ്ങൾ വിലയിരുത്തുന്നതിനും ഭാവിയിലേക്കുള്ള നിർണായക മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമാണ് ഈ ശില്പശാലയിൽ മുൻഗണന നൽകുന്നത്. ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന ക്ഷേമം, സിൽവർ ഇക്കോണമി, ധനകാര്യം, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, സംസ്ഥാനത്തിന്റെ ആഗോള ബ്രാൻഡിങ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഇവിടെ വിശദമായ കൂടിയാലോചനകൾ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്ത് 2011-ലാണ് ഐഐഎംകെ ആദ്യമായി മന്ത്രിസഭയ്ക്കായി ഇത്തരമൊരു പരിശീലനം നടത്തിയത്. അതിനുശേഷം ഇത് രണ്ടാം തവണയാണ് സംസ്ഥാന ഭരണനേതൃത്വത്തിനായി ഐഐഎംകെ നേതൃത്വ മാനേജ്‌മെന്റ് ശില്പശാല സംഘടിപ്പിക്കുന്നത്.







