പ്രാചീന ചരിത്രരേഖകളായ താളിയോല ഗ്രന്ഥങ്ങൾ എളുപ്പത്തിൽ ഡിജിറ്റൈസ് ചെയ്യാനും സംരക്ഷിക്കാനുമുള്ള അത്യാധുനിക എഐ റോബോട്ടിക് സംവിധാനമൊരുക്കി ആഗോള ശ്രദ്ധ നേടുകയാണ് രണ്ട് മലയാളി പെൺകുട്ടികൾ. ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ കാത്ലീൻ മേരി ജീസനും നവിക ഡി. നായരും ചേർന്നാണ് ‘സ്മൃതി 1.0’ (S.M.R.I.T.I.) എന്ന ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിച്ചെടുത്തത്. ഹൈദരാബാദിൽ നടന്ന വേൾഡ് റോബട് ഒളിമ്പ്യാഡ് (WRO) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയ ഈ 14-കാരികൾ, വരുന്ന ഡിസംബറിൽ പുവേർട്ടോറിക്കോയിൽ നടക്കുന്ന ആഗോള മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി.
കൈകൾ കൊണ്ട് ഓരോ താളിയോലയും വൃത്തിയാക്കി സംരക്ഷിക്കുന്നതിലെ കഠിനാധ്വാനവും സമയനഷ്ടവും ലഘൂകരിക്കാൻ ഈ കണ്ടെത്തലിലൂടെ സാധിക്കും. ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് താളിയോലകളിലെ വിവരങ്ങൾ കൃത്യമായി ഡിജിറ്റൈസ് ചെയ്ത് കമ്പ്യൂട്ടർ ടെക്സ്റ്റ് ഫയലുകളാക്കി മാറ്റുന്ന ‘സ്മൃതി 1.0’, വിവരങ്ങൾ ക്ലൗഡ് ആപ്ലിക്കേഷൻ വഴി ഗവേഷകർക്കും വിദ്യാർഥികൾക്കും എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു. ഇരിഞ്ഞാലക്കുട മാന്യുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസർവേഷൻ സെന്റർ നൽകിയ വിവരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് യൂണീക് വേൾഡ് റോബോട്ടിക്സിലെ മെന്റർമാരുടെ മേൽനോട്ടത്തിലാണ് ഇവർ ഈ പ്രോജക്റ്റ് പൂർത്തിയാക്കിയത്.







