നേപ്പാളിലുണ്ടായ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ കനേഡിയൻ പൗരന്മാരെ കണ്ടെത്താനായി പ്രത്യേക സംഘത്തെ അയച്ച് ഫെഡറൽ സർക്കാർ. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അടക്കം 10 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കാണാതായവരെ കണ്ടെത്താനും ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനുമായി നേപ്പാളിലേക്ക് പോകുന്നതെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു.
നേപ്പാൾ-ചൈന ഹിമാലയൻ അതിർത്തി മേഖലയിൽ ഹിമാനി തകർന്നതിനെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായവരിൽ 30 കനേഡിയൻ പൗരന്മാരും സ്ഥിരതാമസക്കാരും ഉൾപ്പെടുന്നു. കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്ന ഒരു കനേഡിയൻ പൗരനെ കഴിഞ്ഞ ദിവസം സുരക്ഷിതനായി കണ്ടെത്തിയതായി അനിത ആനന്ദ് അറിയിച്ചു. നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്നും തിരച്ചിൽ പുരോഗമിക്കുന്നതിനനുസരിച്ച് കാണാതായവരുടെ എണ്ണത്തിൽ മാറ്റമുണ്ടാകാമെന്നും അധികൃതർ വ്യക്തമാക്കി.







