അമേരിക്കയിൽ എട്ടുവയസ്സുകാരിയായ മകളെ സ്കൂൾ ബസ് സ്റ്റോപ്പിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ കാത്തുനിൽക്കുന്നതിനിടെ ചെന്നൈ സ്വദേശിയായ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ജോർജിയയിലെ കുമ്മിങ്ങിൽ കഴിഞ്ഞ 15 വർഷമായി താമസിച്ചുവന്നിരുന്ന രാജശേഖർ വരദരാജൻ (47) ആണ് ഓഗസ്റ്റ് 26-ന് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യശ്വാസം വലിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പാരാമെഡിക്സ് സംഘം ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന രാജശേഖറിന്റെ വേർപാട് ഭാര്യയെയും ചെറിയ മകളെയും തീരാ ദുഃഖത്തിലും വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ് ആഴ്ത്തിയിരിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കാളികളാകുന്നതിനായി ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളെ എത്രയും വേഗം അവിടെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.







