ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്കും മറ്റു യാത്രക്കാർക്കും കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ലഭ്യമാക്കുന്നതിനായി ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടൽ ഒരുക്കാൻ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ തിരുമാനിച്ചു. സ്റ്റേഷനിലെ ഒന്നാം നിലയിൽ നിലവിലുള്ള 9 വിശ്രമമുറികളും 2 ഡോർമിറ്ററികളും വികസിപ്പിച്ച്, അധികമായി 15 മുറികൾ കൂടി നിർമിച്ചാണ് ത്രീ സ്റ്റാർ നിലവാരത്തിലുള്ള ഈ ഹോട്ടൽ സജ്ജമാക്കുന്നത്. നിർമാണം, പ്രവർത്തനം, പരിപാലനം, കൈമാറ്റം (BOT) അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ഒാപ്പറേറ്റിങ് വിഭാഗം ഇ-ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബർ 23 വരെ ഓൺലൈൻ വഴി ടെൻഡറുകൾ സമർപ്പിക്കാം.
യാത്രക്കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ എസി/നോൺ-എസി മുറികൾ, ഫാമിലി റൂമുകൾ, ഡോർമിറ്ററികൾ എന്നിവയ്ക്ക് പുറമേ റെസ്റ്റോറന്റ്, ലോഞ്ച്, വർക്ക്/ബിസിനസ് സെന്റർ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉണ്ടാകും. കരാർ സ്വന്തമാക്കുന്ന ലേലക്കാർക്ക് പിന്നീട് ആയുർവേദ കേന്ദ്രങ്ങളും റിട്ടയറിങ് റൂമുകളും ഒരുക്കാൻ അവസരമുണ്ടാകും. 10 വർഷത്തെ ലൈസൻസ് കാലാവധിയിൽ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം റെയിൽവേയ്ക്ക് തന്നെയായിരിക്കും. തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതവും വൃത്തിയുള്ളതുമായ താമസസൗകര്യം നൽകുന്ന ഈ മാതൃക വിജയകരമാകുന്നതോടെ റെയിൽവേയ്ക്ക് സ്വന്തമായി ഭൂമിയുള്ള മറ്റു പ്രമുഖ സ്റ്റേഷനുകളിലേക്കും ബജറ്റ് ഹോട്ടൽ പദ്ധതി വ്യാപിപ്പിക്കാൻ ആലോചനയുണ്ട്.







