എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെകിൽ’ (OPEC) നിന്ന് യുഎഇക്ക് പിന്നാലെ വെനസ്വേലയും പുറത്തേക്ക് പോകുന്നതോടെ അന്താരാഷ്ട്ര ഇന്ധനവിപണിയിൽ വലിയ ചലനങ്ങൾ ദൃശ്യമാകുകയാണ്. മുൻ വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയുടെ പുറത്താക്കലിന് ശേഷം രാജ്യത്തെ എണ്ണ മേഖലയിൽ യുഎസ് സ്വാധീനം ശക്തമായതാണ് ഈ നീക്കങ്ങൾക്ക് വേഗത കൂട്ടിയത്. വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ ദീർഘകാലത്തേക്ക് പാട്ടത്തിനെടുക്കാൻ യുഎസ് ആലോചിക്കുന്നതായും വാർത്തകളുണ്ട്. ഇതോടെ ഒപെക് നിയന്ത്രണങ്ങൾ ഇല്ലാതെ എണ്ണ ഉൽപാദനവും കയറ്റുമതിയും ഉയർത്താൻ വെനസ്വേലയ്ക്ക് സാധിക്കും.
കൃത്രിമമായി ഉൽപാദനം വെട്ടിക്കുറച്ച് വില വർദ്ധിപ്പിക്കുന്ന ഒപെക് നയങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. യുഎഇയും വെനസ്വേലയും സംഘടന വിടുന്നതോടെ ഒപെകിന്റെ വിപണിയിലെ പിടിമുറുക്കൽ അയയുകയും യുഎസിന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുകയും ചെയ്യും. ഉൽപാദന നിയന്ത്രണങ്ങളില്ലാതെ എണ്ണ വിപണിയിലേക്ക് വലിയ തോതിൽ ഒഴുകിയെത്തുന്നത് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറയാൻ കാരണമാകും.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. രാജ്യത്തിനാവശ്യമായ ഇന്ധനത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ വിലക്കുറവ് സാമ്പത്തിക മേഖലയ്ക്ക് ഉണർവേകും. കൂടാതെ, ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധികൾ കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വരവ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, കൂടുതൽ വെനസ്വേലൻ എണ്ണ ലഭ്യമാകുന്നത് ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് വലിയ പിന്തുണയാകും.







