ആൽബർട്ടയിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകമാകുന്നത് ആശങ്കയുയർത്തുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ മദ്യവും മയക്കുമരുന്നും പോലെ ജനങ്ങളിൽ ആസക്തി വളർത്താൻ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു. പ്രവിശ്യയിൽ നിയന്ത്രിത ‘ഐഗെയിമിങ്’ സംവിധാനം പ്രാബല്യത്തിൽ വന്ന് ഒരു മാസം പിന്നിടുമ്പോൾ, 20-ലധികം ലൈസൻസുള്ള വെബ്സൈറ്റുകളുടെ പരസ്യങ്ങളാണ് ടിവി, സോഷ്യൽ മീഡിയ, ബിൽബോർഡുകൾ, ബസുകൾ എന്നിവയിലുടനീളം നിറഞ്ഞുനിൽക്കുന്നത്.
പരസ്യങ്ങളുടെ അതിപ്രസരം ചൂതാട്ടത്തിന് അടിമപ്പെട്ടവരെയും പ്രത്യേകിച്ച് കൗമാരക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് അഡിക്ഷൻ മെഡിസിൻ വിദഗ്ധർ വ്യക്തമാക്കുന്നു. കൗമാരക്കാർ ഇത്തരം ആസക്തികളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പരസ്യങ്ങൾക്ക് ശക്തമായ നിയന്ത്രണം വേണമെന്നും അവർ ആവശ്യപ്പെടുന്നു. അതേസമയം കായികതാരങ്ങളെയോ പ്രശസ്ത വ്യക്തികളെയോ ഉപയോഗിച്ച് പരസ്യം ചെയ്യുന്നതിനും, ചെറുപ്പക്കാരെ ലക്ഷ്യമിടുന്നതിനും നിരോധനമുണ്ടെന്ന് മന്ത്രി ഡേവ് നാലി വ്യക്തമാക്കി. ആവശ്യമെങ്കിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓൺലൈൻ ചൂതാട്ടത്തിലൂടെ ആദ്യ വർഷം 7.6 കോടി ഡോളറിൻ്റെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ ഒരു ശതമാനം തുക ചൂതാട്ട ആസക്തിയിൽ നിന്ന് ആളുകളെ മോചിപ്പിക്കുന്നതിനുള്ള ബോധവൽക്കരണത്തിനും ചികിത്സയ്ക്കുമായി മാറ്റിവയ്ക്കും.







