രാജ്യത്തെ രണ്ടാമത്തെ വലിയ എയർലൈൻ കമ്പനിയായ വെസ്റ്റ്ജെറ്റ് പണിമുടക്ക് ഭീഷണിയിൽ. വേതന വർധനയും ജോലി വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങളെയും തുടർന്ന് 4,400-ഓളം ഫ്ലൈറ്റ് അറ്റൻഡന്റമാരെ പ്രതിനിധീകരിക്കുന്ന CUPE യൂണിയൻ കമ്പനിക്ക് 72 മണിക്കൂർ നീളുന്ന പണിമുടക്ക് നോട്ടീസ് നൽകി. ചർച്ചകളിൽ ധാരണയായില്ലെങ്കിൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ മുതൽ പണിമുടക്ക് ആരംഭിക്കും. പണിമുടക്ക് നോട്ടീസിന് മറുപടിയായി കമ്പനി ജീവനക്കാർക്ക് ലോക്കൗട്ട് നോട്ടീസും നൽകിയിട്ടുണ്ട്.
നിലവിൽ ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും പ്രധാന ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. യാത്രാ തിരക്കുള്ള സമയത്ത് സമരം വരുന്നത് കണക്കിലെടുത്ത് ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെയുള്ള ടിക്കറ്റുകൾ അധിക നിരക്കില്ലാതെ മാറ്റാനോ റദ്ദാക്കാനോ ഉള്ള സൗകര്യം ആൽബർട്ടയിലെ കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഒരുക്കിയിട്ടുണ്ട്. പണിമുടക്ക് ആരംഭിച്ചാൽ പ്രതിദിനം 600-ലേറെ സർവീസുകളെയും എഴുപതിനായിരത്തോളം യാത്രക്കാരെയും ഇത് ബാധിക്കും. സർവീസുകൾ റദ്ദാക്കുകയാണെങ്കിൽ യാത്രക്കാർക്ക് പണം തിരികെ നൽകുകയോ മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യം ഒരുക്കുകയോ ചെയ്യുമെന്നും വെസ്റ്റ്ജെറ്റ് എയർലൈൻ അറിയിച്ചു.







