വാഷിങ്ടണില്‍ 11 പേരുമായി സഞ്ചരിച്ചിരുന്ന സീപ്ലെയിന്‍ കടലില്‍ തകര്‍ന്നുവീണ് തീപിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക സമയം വൈകുന്നേരം 5.20ഓടെയാണ് ഡി ഹാവിലാന്‍ഡ് ഡിഎച്ച്സി-3 സീപ്ലെയിന്‍ വാഷിങ്ടണിലെ സൂഷ്യ ദ്വീപിന് സമീപം തകര്‍ന്നുവീണത്. സിയാറ്റിലിലെ ലേക്ക് യൂണിയനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.
സീ പ്ലെയിനിലുണ്ടായിരുന്ന 10 യാത്രക്കാരും പൈലറ്റും ഉള്‍പ്പെടെ 11 പേരെ സുരക്ഷിതമായി കടലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി സാന്‍ ഹുവാന്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. പരിക്കേറ്റ നാലു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതായും മറ്റ് യാത്രക്കാരെ ബെല്ലിംഗ്ഹാം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും കമ്പനി അറിയിച്ചു. സംഭവത്തിൽ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു.







