അമേരിക്ക വിസ നിഷേധിച്ചതോടെ 2026 ഫിഫ ലോകകപ്പ് റഫറി പാനലിൽ നിന്നും പുറത്തായ സോമാലിയൻ റഫറി ഒമർ അബ്ദുൽകാദിർ അർത്താന് പിന്തുണയുമായി കാനഡ. ഒമർ അർത്താന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. കാനഡയിലെ മത്സരവേദികളിൽ ഒന്നായ വാൻകൂവറിൽ നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കാൻ ഒമർ അർത്താന് അവസരം നൽകണമെന്നും പ്രീമിയർ ആവശ്യപ്പെട്ടു. ഫിഫ ലോകകപ്പ് റഫറിമാരുടെ പരിശീലന ക്യാമ്പിനായി മയാമിയിലെത്തിയതായിരുന്നു അർത്താൻ. എന്നാൽ, ഔദ്യോഗിക രേഖകളും വിസയും കൈവശമുണ്ടായിരുന്നിട്ടും ‘വെറ്റിംഗ് കൺസേൺസ്’ ചൂണ്ടിക്കാട്ടി അമേരിക്കൻ അധികൃതർ അദ്ദേഹത്തെ പ്രവേശന കവാടത്തിൽ തടയുകയും തിരിച്ചയക്കുകയുമായിരുന്നു. ഇതോടെ ലോകകപ്പിൽ റഫറിയായി പ്രവർത്തിക്കാനുള്ള അർത്താന്റെ ചരിത്രപരമായ അവസരം നഷ്ടമായി.
“അദ്ദേഹം ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും ഇന്ന് എത്തിനിൽക്കുന്ന ഉയരങ്ങളും കണക്കിലെടുക്കുമ്പോൾ, ബ്രിട്ടീഷ് കൊളംബിയയിൽ അദ്ദേഹത്തെ ഞങ്ങൾ ആദരവോടെ സ്വീകരിക്കും. അദ്ദേഹത്തെ വാൻകൂവറിലെ മത്സരങ്ങളിൽ റഫറിയായി നിയമിക്കണം,” ഡേവിഡ് എബി പറഞ്ഞു. ടൊറൻ്റോ മേയർ ഒലിവിയ ചൗവും അർത്താന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെ ലോകവേദിയിൽ ഇടംപിടിച്ച അർത്താന് നിഷേധിക്കപ്പെട്ട അവസരം നീതിയുക്തമല്ലെന്ന് മേയർ പറഞ്ഞു.






