ഫിഫ വേൾഡ് കപ്പ് 2026-ന്റെ ഭാഗമായി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ആതിഥേയ രാജ്യങ്ങളായ യു.എസ്, കാനഡ, മെക്സിക്കോ എന്നിവർ ഒരുക്കിയിരിക്കുന്നത്. നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആതിഥേയ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. വടക്കേ അമേരിക്കൻ എയ്റോസ്പേസ് ഡിഫൻസ് കമാൻഡ് (NORAD) ആണ് ഫിഫ വേൾഡ് കപ്പിലെ സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്റ്റേഡിയങ്ങൾക്ക് മുകളിൽ കർശനമായ വ്യോമനിരീക്ഷണം ഏർപ്പെടുത്തി. ആകാശത്ത് ഫൈറ്റർ ജെറ്റുകൾ പട്രോളിംഗ് നടത്തുകയും, ഡ്രോണുകൾ തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കാനഡയിൽ മത്സരങ്ങൾ നടക്കുന്ന വാൻകൂവർ, ടൊറൻ്റോ തുടങ്ങിയ നഗരങ്ങളിലെ സ്റ്റേഡിയങ്ങളും ഫാൻ സോണുകളും ഉൾപ്പെടുത്തി “നോ-ഫ്ലൈ സോൺ” പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കനേഡിയൻ സർക്കാർ ഗ്രേറ്റർ ടൊറൻ്റോയ്ക്ക് സമീപം താൽക്കാലിക റഡാർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായാൽ CF-18 പോലുള്ള യുദ്ധവിമാനങ്ങൾ ഉടൻ സജ്ജമാക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.






