newsroom@amcainnews.com

പൊന്നാനിയിലെ സ്വര്‍ണ മോഷണം: 99 ശതമാനം സ്വർണവും കണ്ടെത്തി; വഴിത്തിരിവായത് ചോദ്യം ചെയ്യലിന്റെ രീതി മാറ്റിയതോടെ

പൊന്നാനി: പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവൻ കവർന്ന കേസിൽ 438 പവൻ സ്വർണവും പോലീസ് കണ്ടെടുത്തു. സ്വർണം വിറ്റുകിട്ടിയ 29 ലക്ഷം രൂപയും പ്രതികളിൽനിന്ന് പിടികൂടി. കേസിൽ പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യംചെയ്യലിനും ശാസ്ത്രീയമായ അന്വേഷണത്തിനുമൊടുവിലാണ് സ്വർണവും പണവും കണ്ടെത്താനായത്. ഇതോടെ മോഷണംപോയ സ്വർണത്തിന്റെ 99 ശതമാനവും കണ്ടെത്താനായെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.

ഏപ്രിൽ 13-ന് പുലർച്ചെ ഒന്നരയോടെയാണ് പ്രവാസി വ്യവസായി മണപ്പറമ്പിൽ രാജീവിന്റെ ബിയ്യത്തുള്ള വീട്ടിൽ മോഷണം നടന്നത്. 350 പവനാണ് മോഷണം പോയതെന്നായിരുന്നു പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് 550 പവനോളം മോഷണംപോയതായി മനസ്സിലായത്. സി.സി.ടി.വി.യുടെ ഡി.വി.ആർ., വിലകൂടിയ നാല് കുപ്പി വിദേശമദ്യം എന്നിവയും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.

മോഷണം നടത്തിയവരെക്കുറിച്ച് യാതൊരു സൂചനയുമില്ലാതിരുന്ന കേസിൽ എട്ടു മാസത്തോളമെടുത്താണ് പ്രതികളെ പോലീസ് പിടികൂടിയത്. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്പനയിൽ താമസക്കാരനുമായ രായർമരക്കാർ വീട്ടിൽ സുഹൈൽ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പംവീട്ടിൽ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കേസിലെ ഒന്നാം പ്രതിയായ സുഹൈലിന്റെ ആദ്യ ഭാര്യ താമസിക്കുന്ന തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ വാടകവീടിന്റെ തറയോടുചേർന്ന് കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രത്തിൽ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച് രണ്ടു പൊതികളിലായാണ് രണ്ടരക്കിലോ സ്വർണം സൂക്ഷിച്ചിരുന്നത്.

കുഴിച്ചിട്ട സ്വർണാഭരണങ്ങൾക്കുപുറമേ ഉരുക്കി കട്ടിയാക്കി വിറ്റ സ്വർണവും പോലീസ് പിടിച്ചെടുത്തു. ഒളിപ്പിച്ച സ്വർണം പോലീസിന് കാണിച്ചുകൊടുക്കാതിരിക്കാൻ പ്രതികൾ പല അടവുകളും പയറ്റിയെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളുടെ വാദങ്ങളെ പോലീസ് പൊളിച്ചടുക്കുകയായിരുന്നു. എട്ടു മാസമെടുത്താണ് പ്രതികളെ പിടികൂടിയതെങ്കിലും അഞ്ച് ദിവസംകൊണ്ട് മോഷണമുതൽ ഏതാണ്ട് മുഴുവനായി കണ്ടെത്താനായത് പോലീസിന് അഭിമാനമായി.

കൊടുവള്ളിയിൽ കൊണ്ടുപോയി ഉരുക്കിയ സ്വർണം കോട്ടയ്ക്കൽ ചട്ടിപ്പറമ്പിലുള്ള ഒരു ജൂവലറിയിലാണ് വിറ്റത്. നിരന്തരം കേസുകളിൽ പ്രതിയാകുന്ന സുഹൈലിനെ ജാമ്യത്തിലെടുക്കാനും മറ്റും സഹായിക്കുകയും ആഭരണങ്ങൾ വിൽക്കാൻ സഹായിക്കുകയും ചെയ്തിരുന്ന ആദ്യ ഭാര്യ നൂർജയെയും മകൾ ഷഹലയെയും ചോദ്യംചെയ്തതിൽ മകൾക്ക് മോഷണസ്വർണം വിറ്റതിൽനിന്ന് 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ചതാണ് തൊണ്ടിമുതൽ കണ്ടെടുക്കുന്നതിന് വഴിത്തിരിവായത്.

ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്.പി. ഇ. ബാലകൃഷ്ണൻ, പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത്, പോത്തുകല്ല് പോലീസ് ഇൻസ്‌പെക്ടർ ദീപകുമാർ, തിരൂർ ഇൻസ്‌പെക്ടർ കെ.ജി. ജിനേഷ്, പൊന്നാനി എസ്.ഐ. ആർ.യു. അരുൺ, പൊന്നാനി പോലീസ് സ്റ്റേഷനിലെ ക്രൈം സ്‌ക്വാഡ് അംഗങ്ങൾ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, മലപ്പുറം, പെരിന്തൽമണ്ണ സബ് ഡിവിഷനുകളിലെ ഡാൻസാഫ് അംഗങ്ങൾ, തിരൂർ ഡിവൈ.എസ്.പി. ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരാണ് കേസന്വേഷണത്തിലുണ്ടായിരുന്നത്.

You might also like

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Top Picks for You
Top Picks for You