newsroom@amcainnews.com

ജനരോഷത്തിന് മുന്നിൽ മുട്ടുമടക്കി പ്രീമിയർ ഡഗ് ഫോർഡ്; 30 മില്യൺ ഡോളറിന്റെ ആഡംബര വിമാനം വിറ്റഴിക്കാൻ നിർദ്ദേശം

ടൊറന്റോ: തന്റെ യാത്രകൾക്കായി സർക്കാർ വാങ്ങിയ അത്യാധുനിക സ്വകാര്യ വിമാനം ജനരോഷത്തെത്തുടർന്ന് വിറ്റഴിക്കാൻ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് നിർദ്ദേശിച്ചു. ഏകദേശം 30 മില്യൺ ഡോളർ ചിലവിട്ട് വാങ്ങിയ വിമാനത്തിനെതിരെ പ്രതിപക്ഷവും പൊതുജനങ്ങളും വലിയ പ്രതിഷേധം ഉയർത്തിയതോടെയാണ് ഈ നാടകീയ പിന്മാറ്റം.

കഴിഞ്ഞ ആഴ്ചയാണ് 2016 മോഡൽ ബോംബാർഡിയർ ചലഞ്ചർ 650 വിമാനം ഒന്റാറിയോ സർക്കാർ സ്വന്തമാക്കിയത്. പ്രീമിയറിന് പ്രവിശ്യയ്ക്കുള്ളിലും അമേരിക്കയിലേക്കും വേഗത്തിൽ യാത്ര ചെയ്യുന്നതിനാണ് വിമാനം വാങ്ങിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ, സാധാരണക്കാർ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്താൽ കഷ്ടപ്പെടുമ്പോൾ നികുതിപ്പണം ഉപയോഗിച്ച് ആഡംബര വിമാനം വാങ്ങിയത് ശരിയല്ലെന്ന് പൊതുജനങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. “ജനങ്ങളുടെ പ്രതിഷേധം ഉച്ചത്തിലും വ്യക്തമായും ഞാൻ കേട്ടു, വിമാനം വാങ്ങാനുള്ള സമയമല്ലിതെന്ന് എനിക്ക് മനസ്സിലായി,” എന്ന് ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫോർഡ് പറഞ്ഞു.

വിമാനം ഉടൻ തന്നെ വിറ്റഴിക്കാൻ പ്രൊവിൻഷ്യൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാങ്ങിയ അതേ വിലയ്ക്ക് തന്നെ വിമാനം വിൽക്കാനാണ് തീരുമാനം. എന്നാൽ, വിമാനം വാങ്ങിയതിനെ വിമർശിക്കുന്നവർക്കെതിരെ ഫോർഡ് രംഗത്തെത്തി. ഫെഡറൽ മന്ത്രിമാരും മറ്റ് പ്രവിശ്യകളിലെ പ്രീമിയർമാരും സ്വകാര്യ വിമാനങ്ങളിൽ സഞ്ചരിക്കുമ്പോൾ ആരും ചോദ്യം ചെയ്യാറില്ലെന്നും താൻ ചെയ്യുമ്പോൾ അത് ഇരട്ടത്താപ്പായി കാണുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്റാറിയോ വിസ്തൃതമായ പ്രവിശ്യയാണെന്നും ബിസിനസ്സ് ആവശ്യങ്ങൾക്കായി പല നഗരങ്ങളിൽ വേഗത്തിൽ എത്തേണ്ടത് തന്റെ ജോലിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിമാനം വാങ്ങിയതിലൂടെയും വിൽക്കുന്നതിലൂടെയും സർക്കാരിനുണ്ടായ എല്ലാ സാമ്പത്തിക നഷ്ടവും ഡഗ് ഫോർഡ് സ്വന്തം കയ്യിൽ നിന്നും നൽകണമെന്ന് പ്രതിപക്ഷ നേതാവ് മാരിറ്റ് സ്റ്റൈൽസ് ആവശ്യപ്പെട്ടു. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകാൻ പണമില്ലെന്ന് പറയുന്ന സർക്കാർ ആഡംബര കളിപ്പാട്ടങ്ങൾക്കായി കോടികൾ ചിലവഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ നിയമസഭയിൽ പറഞ്ഞു. വിമാനം വിൽക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെങ്കിലും ഇതിന്റെ പേരിൽ പാഴായ നികുതിപ്പണം തിരികെ ലഭിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

You might also like

കനത്ത മഴ: വെളളപ്പൊക്ക ഭീഷണിയിൽ ടൊറൻ്റോ

നിയമം മാറുമോ? ഒന്നിലധികം പങ്കാളികളുമായി താമസിക്കുന്ന കനേഡിയൻമാരുടെ എണ്ണം കൂടുന്നു; പുതിയ റിപ്പോർട്ടുകൾ

കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിൽ ബ്ലേഡ്! കാനഡയിൽ മെട്രോ ഗ്രോസറി സ്റ്റോർ വിവാദത്തിൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് രണ്ട് വയസ്സുകാരി

ലൈംഗികാതിക്രമ ആരോപണം: ഗായിക കാറ്റി പെറിക്കെതിരെ ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: കേരളം ചിലവാക്കിയത് 46 കോടിയിലധികം രൂപ, കുടിശ്ശികയും ബാക്കി

കാനഡയിൽ കടുത്ത വേനലും കാട്ടുതീ ഭീഷണിയും: സുരക്ഷയൊരുക്കാൻ ഇൻഷുറൻസ് കമ്പനികൾ രംഗത്ത്

Top Picks for You
Top Picks for You