newsroom@amcainnews.com

നിയമത്തിലെ സാങ്കേതികത്വം മനുഷ്യത്വത്തിന് മുകളിലോ? വൃക്ക ദാതാവായ പലസ്തീൻ സ്വദേശിക്ക് അഭയാർത്ഥി പദവി നിഷേധിച്ച് കാനഡ; പ്രതിഷേധം ശക്തം

ഒട്ടാവ: കാനഡയിലെ ഒരു പൗരന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം വൃക്ക ദാനം ചെയ്ത പലസ്തീൻ സ്വദേശി ഇപ്പോൾ അഭയാർത്ഥി പദവി ലഭിക്കാതെ നിയമക്കുരുക്കിൽ. ഗാസയിൽ നിന്നുള്ള മുഹമ്മദ് അൽ ഹിന്ദി എന്ന യുവാവാണ് കാനഡയുടെ പുതിയ കുടിയേറ്റ നിയമമായ ബിൽ സി-12 (Bill C-12) പ്രകാരം പുറത്താക്കൽ ഭീഷണി നേരിടുന്നത്. 2023-ൽ കാനഡ സന്ദർശിച്ചപ്പോൾ തന്റെ സഹോദരിക്ക് വൃക്ക ദാനം ചെയ്തതാണ് ഇപ്പോൾ ഇദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നത്. പുതിയ നിയമപ്രകാരം, ആദ്യമായി കാനഡയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷം അപേക്ഷിക്കുന്നവർക്ക് അഭയാർത്ഥി പദവിക്ക് അർഹതയുണ്ടാവില്ല.

2023 ഓഗസ്റ്റിലാണ് മുഹമ്മദ് തന്റെ സഹോദരിയുടെ ജീവൻ രക്ഷിക്കാനായി ആദ്യമായി കാനഡയിൽ എത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സെപ്റ്റംബറിൽ അദ്ദേഹം ഗാസയിലേക്ക് മടങ്ങിപ്പോയി. എന്നാൽ ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധം മുഹമ്മദിന്റെയും കുടുംബത്തിന്റെയും ജീവിതം തകർത്തു. വീടും ജോലിയും നഷ്ടപ്പെട്ട ഇവർക്ക് ജീവൻ രക്ഷിക്കാനായി വീണ്ടും കാനഡയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 2025 സെപ്റ്റംബറിൽ അഭയാർത്ഥി പദവിക്കായി അപേക്ഷ നൽകിയപ്പോഴാണ്, 2023-ലെ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം കണക്കിലെടുത്ത് അപേക്ഷ അയോഗ്യമാണെന്നറിയിച്ച് ഇമിഗ്രേഷൻ വിഭാഗം കത്ത് നൽകിയത്.

“ഞാനൊരു കനേഡിയൻ പൗരന്റെ ജീവൻ രക്ഷിക്കാനാണ് അന്ന് വന്നത്. അല്ലാതെ കാനഡയിൽ തങ്ങാൻ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. എനിക്ക് ഗാസയിൽ നല്ലൊരു ജോലിയും വീടും വാഹനവും ഉണ്ടായിരുന്നു. യുദ്ധം കാരണമാണ് ഞാൻ തിരികെ വരാൻ നിർബന്ധിതനായത്,” മുഹമ്മദ് വികാരാധീനനായി പറഞ്ഞു. ഗാസയിലെ ആശുപത്രികളും ശുദ്ധജല സ്രോതസ്സുകളും തകർന്ന നിലയിൽ ഒരു വൃക്ക മാത്രമുള്ള തനിക്ക് അങ്ങോട്ടേക്ക് മടങ്ങുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദിനെപ്പോലെ സമാനമായ സാഹചര്യത്തിൽ 30,000-ത്തോളം പേർക്ക് കാനഡയിൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

നിയമത്തിലെ ഈ സാങ്കേതികത്വം പലരെയും പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് കുടിയേറ്റ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഭയാർത്ഥി അപേക്ഷകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്നാണ് ഇമിഗ്രേഷൻ മന്ത്രി ലെന ഡയാബ് വിശദീകരിക്കുന്നത്. എന്നാൽ മാനുഷിക പരിഗണന നൽകി മുഹമ്മദിന്റെ അപേക്ഷ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ ഗാസയിലേക്ക് ആരെയും നിർബന്ധപൂർവ്വം തിരിച്ചയക്കുന്നില്ലെങ്കിലും, അഭയാർത്ഥി പദവി ലഭിച്ചില്ലെങ്കിൽ മുഹമ്മദിന്റെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇത്തരത്തിലുള്ള സാങ്കേതിക കുരുക്കുകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം.

You might also like
Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You