newsroom@amcainnews.com

കൺസർവേറ്റീവ് കോട്ടയിൽ വിള്ളൽ; പൊയിലീവിനെ കൈവിട്ട് എം.പിമാർ ലിബറൽ പക്ഷത്തേക്ക്; കാനഡയിൽ രാഷ്ട്രീയ അനിശ്ചിതത്വം

റിച്ചിമണ്ട് (ബ്രിട്ടീഷ് കൊളംബിയ): കാനഡയിലെ പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഭരണകക്ഷിയായ ലിബറൽ പാർട്ടിയിലേക്കുള്ള ജനപ്രതിനിധികളുടെ കൂറുമാറ്റം പിയറി പൊയിലീവിന്റെ നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് പ്രമുഖ എം.പിമാരാണ് കൺസർവേറ്റീവ് പക്ഷം ഉപേക്ഷിച്ച് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാരിനൊപ്പം ചേർന്നത്. മുതിർന്ന നേതാവ് മെർലിൻ ഗ്ലാഡുവിന്റെ അപ്രതീക്ഷിത വിടവാങ്ങൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ മറനീക്കി പുറത്തുവരാൻ കാരണമായിരിക്കുകയാണ്. കാനഡയുടെ രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ‘ഫ്ലോർ ക്രോസിംഗ്’ പൊയിലീവിന്റെ രാഷ്ട്രീയ ഭാവിക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ റിച്ചിമണ്ടിൽ മാധ്യമപ്രവർത്തകരെ കണ്ട പിയറി പൊയിലീവ് തന്റെ നേതൃത്വത്തിന് ഭീഷണിയുണ്ടെന്ന വാർത്തകളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. തന്റെ അധികാരം വരുന്നത് ജനങ്ങളിൽ നിന്നാണെന്നും ചില അടച്ചിട്ട മുറികളിലെ രഹസ്യ ഇടപാടുകളിൽ നിന്നല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷമായ 8.3 ദശലക്ഷം വോട്ടുകൾ കനേഡിയൻ ജനത തനിക്ക് നൽകിയതാണെന്നും പാർട്ടിയിലെ 87 ശതമാനം സാധാരണ പ്രവർത്തകരും തന്റെ നയങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെ വഞ്ചിച്ചാണ് മെർലിൻ ഗ്ലാഡുവിനെപ്പോലെയുള്ളവർ ലിബറൽ സർക്കാരിനൊപ്പം ചേരുന്നതെന്നും, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരാജയമായ ഒരു സർക്കാരിനെ പിന്തുണയ്ക്കുന്നത് വോട്ടർമാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ പാർട്ടിക്കുള്ളിലെ യാഥാർത്ഥ്യം മറ്റൊന്നാണെന്നാണ് സൂചനകൾ. ആദ്യം ലിബറൽ പക്ഷത്തേക്ക് മാറിയ മുൻ കൺസർവേറ്റീവ് എം.പി ക്രിസ് ഡി എന്റർമോണ്ട് നൽകുന്ന വിവരങ്ങൾ പൊയിലീവിന് തിരിച്ചടിയാണ്. കൺസർവേറ്റീവ് ടീമിലെ പല എം.പിമാരും നിലവിലെ പ്രവർത്തന ശൈലിയിൽ അങ്ങേയറ്റം അസന്തുഷ്ടരാണെന്നും ഭരണപക്ഷത്തെ സൗകര്യങ്ങളെയും രാഷ്ട്രീയ സുരക്ഷിതത്വത്തെയും കുറിച്ച് പലരും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പൊയിലീവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും താഴെത്തട്ടിലുള്ള നേതാക്കളോടുള്ള അവഗണനയുമാണ് ഈ കൂട്ടക്കൊഴിഞ്ഞിപ്പിന് പിന്നിലെ പ്രധാന കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

പ്രധാനമന്ത്രി മാർക്ക് കാർണി ജനാധിപത്യ വിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പൊയിലീവ് ആരോപിക്കുമ്പോഴും, പാർലമെന്റിൽ ലിബറൽ പാർട്ടിയുടെ അംഗബലം വർദ്ധിക്കുന്നത് ഭരണകൂടത്തിന് കൂടുതൽ കരുത്ത് നൽകുന്നു. ഭൂരിപക്ഷത്തിന് ആവശ്യമായ 172 സീറ്റുകളിലേക്ക് ലിബറലുകൾ കൂടുതൽ അടുക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ എം.പിമാർ പക്ഷം മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ കൺസർവേറ്റീവ് പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. ജനരോഷം തങ്ങൾക്കൊപ്പമാണെന്ന് പൊയിലീവ് അവകാശപ്പെടുമ്പോഴും സ്വന്തം പാളയത്തിലെ വിള്ളലുകൾ അടയ്ക്കുക എന്നത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയായി തുടരുന്നു.

You might also like

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Top Picks for You
Top Picks for You