newsroom@amcainnews.com

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മുംബൈ : മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനം അപകടത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ അടിയന്തര ലാന്‍ഡിങിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെ ആറുപേരും മരിച്ചതായി ഡിജിസിഎ അറിയിച്ചു. റാലിയില്‍ പങ്കെടുക്കാന്‍ ബാരാമതിയില്‍ എത്തിയതായിരുന്നു അജിത് പവാര്‍. വിമാനം ലാന്‍ഡിങിനിടെ വയലില്‍ ഇടിച്ചു ഇറങ്ങുകയായിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ നാല് പതിറ്റാണ്ടിലേറെയായി പ്രധാന പങ്കുവഹിക്കുന്ന നേതാവാണ് അജിത് പവാര്‍. 1959 ജൂലൈ 22-ന് ബാരാമതിയില്‍ ജനിച്ച അദ്ദേഹം, തന്റെ വലിയച്ഛനും എന്‍.സി.പി സ്ഥാപകനുമായ ശരദ് പവാറിന്റെ പാത പിന്തുടര്‍ന്നാണ് പൊതുരംഗത്തേക്ക് എത്തിയത്. 1982-ല്‍ ഒരു സഹകരണ ഫാക്ടറിയുടെ ബോര്‍ഡ് അംഗമായി തുടക്കം കുറിച്ച അജിത് പവാര്‍, പിന്നീട് പൂനെ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനായും ബാരാമതിയില്‍ നിന്നുള്ള എം.പി.യായും തിളങ്ങി. എന്നാല്‍ ശരദ് പവാറിനായി പാര്‍ലമെന്റ് അംഗത്വം ഒഴിഞ്ഞുകൊടുത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ബാരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ച് പരാജയമറിയാത്ത നേതാവായി മാറി.

ജനപ്രിയതയും ഭരണനിപുണതയും കൊണ്ട് ‘ദാദ’ എന്ന് അനുയായികള്‍ വിളിക്കുന്ന അജിത് പവാര്‍, മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ തവണ ഉപമുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയാണ്. ജലസേചനം, ധനകാര്യം, ഗ്രാമവികസനം, കൃഷി തുടങ്ങി നിര്‍ണ്ണായകമായ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1992-ല്‍ ശരദ് പവാര്‍ മന്ത്രിസഭയില്‍ അംഗമായ അദ്ദേഹം, പിന്നീട് വന്ന വിവിധ സര്‍ക്കാരുകളില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു. പവര്‍ ഹൗസ് എന്ന് വിശേഷിപ്പിക്കപ്പെട്ട അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതം പലപ്പോഴും ഭരണമാറ്റങ്ങളുടെയും അപ്രതീക്ഷിത സഖ്യങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്നു.

അജിത് പവാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും വിവാദപരവുമായ ഘട്ടം 2023-ല്‍ എന്‍.സി.പിയിലുണ്ടായ പിളര്‍പ്പായിരുന്നു. ശരദ് പവാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയിലെ ഭൂരിഭാഗം എം.എല്‍.എമാരെയും കൂടെനിര്‍ത്തി അദ്ദേഹം ബി.ജെ.പി – ശിവസേന (ഷിന്‍ഡെ) സഖ്യത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തിനൊടുവില്‍ എന്‍.സി.പിയുടെ പേരും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അജിത് പവാര്‍ വിഭാഗത്തിന് അനുവദിച്ചു. 2024 ഡിസംബര്‍ മുതല്‍ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പവാര്‍ കുടുംബത്തിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലും ബാരാമതിയിലെയും മഹാരാഷ്ട്രയിലെയും വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.

You might also like
TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

ടീഷോപ്പിന്റെ മറവിൽ ലഹരിവിൽപന: ‘പേപ്പർ ഇക്ക’ പിടിയിലായി

Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

അലർജി സാധ്യത: കാനഡയിൽ ഹെർഷീസ് കിസ്സസ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചു

Rashford bids farewell to Barça: Returns to Manchester United

ബാഴ്‌സയോട് യാത്രപറഞ്ഞ് റാഷ്‌ഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ മടങ്ങുന്നു

മൊറോക്കൻ അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ: 9 മരണം

Top Picks for You
Top Picks for You