കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ വെള്ളിയാഴ്ച കൊടുങ്കാറ്റ് വീശിയടിച്ചതായി റിപ്പോർട്ട്. ഈസ്റ്റേൺ ഒൻ്റാരിയോയിലും സതേൺ ക്യൂബെക്കിലും കനത്ത മഴ ലഭിച്ചു. ക്യൂബെക്കിലെ സെന്റ്-കാലിക്സ്റ്റിൽ 77 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറ്റ്ലാന്റിക് മേഖലയിൽ മണിക്കൂറിൽ 130 കി.മീ. വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്.
മാരിടൈംസ് പ്രവിശ്യകളിൽ 50 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്തു. ന്യൂഫിൻലൻഡിലെ അവലോൺ പെനിൻസുലയുടെ ഭാഗങ്ങളിൽ മണിക്കൂറിൽ 90 കി.മീ വേഗത്തിൽ കാറ്റും വലിയ തിരമാലകളും പ്രതീക്ഷിച്ചിരുന്നു. ‘മെലിസ’ ചുഴലിക്കാറ്റിന്റെ ഈർപ്പം വലിച്ചെടുത്താണ് കാനഡയിൽ കൊടുങ്കാറ്റ് ശക്തിപ്പെട്ടത്.







