കോട്ടയം: കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച അച്ഛൻ പിടിയിൽ. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് പിടികൂടി. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുട്ടി. ഒരു കടയിൽ ജോലി ചെയ്യുകയാണിവർ. രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. രണ്ടര മാസം പ്രായമുള്ള ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കാണ് വിൽപന നടത്താൻ ശ്രമിച്ചത്.
ഇടനിലക്കാരനും ഇതര സംസ്ഥാന തൊഴിലാളിയാണ്. 50,000 രൂപയ്ക്ക് കുട്ടിയെ വിൽക്കാനായിരുന്നു തീരുമാനം. 1,000 രൂപ മുൻകൂറായി വാങ്ങി. ഇതിനെ എതിർത്ത കുട്ടിയുടെ അമ്മ ഒപ്പം ജോലി ചെയ്യുന്നവരെ അറിയിച്ചു. അവർ വിവരം കൈമാറിയതിനെ തുടർന്ന് കുമരകം പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തിനുശേഷം മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.






