ഗുവാഹട്ടി: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ. 125 റൺസിന്റെ ആധികാരിക ജയത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശം. ഓപ്പണറും ക്യാപ്റ്റനുമായ ലോറ വോൾവാർട്ടിന്റെ (143 പന്തിൽ 169) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 42.3 ഓവറിൽ 194 റൺസിലവസാനിച്ചു.
ഏഴോവറിൽ 20 റൺസ് വിട്ടുനൽകി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മറിസാനെ കാപ്പ് ആണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയ ബൗളർ. നന്ദിൻ ഡി ക്ലാർക്ക് രണ്ട് വിക്കറ്റുകളും വീഴ്ത്തി. നേരത്തേ ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്സൽസ്റ്റൺ നാലുവിക്കറ്റുകൾ നേടിയിരുന്നു. സ്കോർബോർഡ് അനങ്ങുംമുൻപേ രണ്ട് വിക്കറ്റുകൾ നഷ്ടമായത് ഇംഗ്ലണ്ടിനെ കാര്യമായി ബാധിച്ചു. ഓപ്പണർമാരായ അമി ജോൺസ്, തമി ബോമോണ്ട് എന്നിവരും തുടർന്നെത്തിയ ഹെതർ നൈറ്റും പൂജ്യത്തിന് പുറത്തായി.
ഒരു റണ്ണിന് മൂന്ന് വിക്കറ്റെന്ന നിലയിലായ ഇംഗ്ലണ്ടിനെ പിന്നീട് ക്യാപ്റ്റൻ നാറ്റ് സിവർ ബ്രണ്ടും (64) ആലിസ് കാപ്സിയും (50) ചേർന്ന് അർധ സെഞ്ചുറികൾ നേടി നാണക്കേടിൽനിന്ന് രക്ഷപ്പെടുത്തി. ഇരുവരും പുറത്തായതോടെ ടീമിന്റെ പ്രതീക്ഷകൾ പൂർണമായി അസ്തമിച്ചു. നാളെ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനലിലെ ജേതാക്കളെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിൽ നേരിടേണ്ടിവരിക.





















