ഓട്ടവ: കാനഡയിൽ സമയം മാറ്റുന്ന പതിവ് അവസാനിപ്പിക്കണമെന്ന് ഓട്ടവ ലിബറൽ എംപി. രാജ്യത്താകെ ഒരേ സമയം കൊണ്ടുവരാൻ നിയമം പാസ്സാക്കാൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുമെന്നും എംപി മേരി-ഫ്രാൻസ് ലാലോണ്ട് പറഞ്ഞു. വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്ന പതിവ് കാനഡയിൽ അവസാനിപ്പിക്കണമെന്നാണ് ആവശ്യം. രാജ്യത്താകെ ഒരേ സമയം കൊണ്ടുവരാൻ ഫെഡറൽ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അവർ പ്രമേയം കൊണ്ടുവരാൻ പോകുന്നത്.
ക്ലോക്ക് മുന്നോട്ടും പിന്നോട്ടും മാറ്റുന്നതിനെ കുറിച്ച് കാനഡക്കാർ സ്ഥിരമായി ചർച്ച ചെയ്യാറുണ്ട്. ഇനിയെങ്കിലും അത് അവസാനിപ്പിക്കേണ്ട സമയമായെന്ന് ലാലോണ്ട് പറഞ്ഞു. ഇപ്പോൾ ഭൂരിഭാഗം പ്രവിശ്യകളും വേനൽക്കാലത്ത് സമയം ഒരു മണിക്കൂർ മുന്നോട്ടും ശീതകാലത്ത് ഒരു മണിക്കൂർ പിന്നോട്ടുമാണ് മാറ്റുന്നത്. എന്നാൽ സസ്കാച്ചെവാൻ, യൂക്കൺ, ബ്രിട്ടീഷ് കൊളംബിയയിലെ ചില പ്രദേശങ്ങൾ, നുനാവട്ടിലെ ചില ഭാഗങ്ങൾ തുടങ്ങിയവ സമയം മാറ്റുന്ന രീതി ഒഴിവാക്കിയിട്ടുണ്ട്. 2020-ൽ യൂക്കൺ സ്ഥിരമായി ഡേലൈറ്റ് സേവിംഗ് സമയം സ്വീകരിച്ചു. ലാലോണ്ട് അവതരിപ്പിക്കുന്ന പ്രമേയം നേരിട്ട് സമയം മാറ്റുന്ന പതിവ് നിരോധിക്കുന്നതല്ല. പകരം, ഫെഡറൽ സർക്കാർ പ്രവിശ്യകളെയും മറ്റ് പങ്കാളികളെയും ഉൾപ്പെടുത്തി ഒരു സമ്മേളനം വിളിച്ച് രാജ്യവ്യാപകമായി വർഷം മുഴുവൻ ഒരേ സമയം നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.







