ഡാലസ് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ നവീകരണം ലക്ഷ്യമാക്കി നടത്തുന്ന 3 ദിവസത്തെ ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ (TAPAS Residential Retreat, Dallas) ഒക്ടോബറിൽ നടക്കും. ഒക്ടോബർ 2 മുതൽ 4 വരെ (വെള്ളി മുതൽ ഞായർ വരെ) ടെക്സസിലെ വിൻസ്ബോറോയിലുള്ള ഗ്രേസ് ഓഫ് ഹെവൻ റിട്രീറ്റ് സെന്ററിലാണ് (Grace of Heaven Retreat Center, Winnsboro, Texas) ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ റവ. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ HGN (Rev. Fr. Joseph Kandathiparambil), മറ്റ് പ്രമുഖ ആത്മീയ പ്രഭാഷകർ എന്നിവരടങ്ങുന്ന ടീമാണ് പ്രാർത്ഥനാ ധ്യാനത്തിന് നേതൃത്വം നൽകുന്നത്.
വിശ്വാസം ആഴപ്പെടുത്തുക, ആത്മീയ നവീകരണം അനുഭവിക്കുക, ദൈവത്തിന്റെ സമാധാനവും സാന്നിധ്യവും ദർശിക്കുക, പരസ്പര പ്രചോദനമേകുന്ന കൂട്ടായ്മ വളർത്തുക എന്നിവയാണ് ഈ ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യങ്ങൾ. ‘ഉപവസിക്കുക, പ്രാർത്ഥിക്കുക, സമർപ്പിക്കുക, രൂപാന്തരപ്പെടുക’ (Fast. Pray. Surrender. Be Transformed) എന്നതാണ് ഈ വർഷത്തെ ധ്യാനത്തിന്റെ ആപ്തവാക്യം.
ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി ഹണി ജിജോ 857-316-8479, ബാബു തോമസ് 972-333-9718 ബന്ധപ്പെടാവുന്നതാണ്.







