വാഷിങ്ടൻ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ വംശജനെ യുഎസിലെ ഫീനിക്സിൽ അറസ്റ്റ് ചെയ്തു. ഫീനിക്സിലെ കുട്ടികളുടെ ആശുപത്രിയിലെ മുൻ ബിഹേവിയറൽ ഹെൽത്ത് ടെക്നീഷ്യനായ ജയ്ദീപ് പട്ടേൽ (31) ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈലിൽ നിന്ന് 1,200 ലധികം കുട്ടികളുടെ അശ്ലീല ഫോട്ടോകളും വിഡിയോകളും കണ്ടെത്തിയതായി യുഎസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
3 മുതൽ 12 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് ജയ്ദീപിനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്ന സമൂഹമാധ്യമ പ്രൊഫൈലിനെക്കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് കേസ് പുറംലോകം അറിയുന്നത്. ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും പങ്കിടുന്ന ഗ്രൂപ്പാണിത്. ജയ്ദീപിന്റെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൽ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ പൊലീസിന്റെ നോട്ടപുള്ളിയായത്. അന്വേഷണത്തിനിടെ, ജയ്ദീപ് പട്ടേലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ രേഖകൾ പിടിച്ചെടുത്തു.
ജയ്ദീപ് അശ്ലീല ഗ്രൂപ്പിൽ അയച്ച നിരവധി സന്ദേശങ്ങൾ പൊലീസ് കണ്ടെടുത്തു. സ്വന്തം ലൈംഗിക സംതൃപ്തിക്കായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ പ്രതി പരസ്യമായി അഭ്യർഥിക്കുന്ന ചാറ്റുകളും പൊലീസ് ശേഖരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നിരവധി വിഡിയോകളാണ് പൊലീസിന് ലഭിച്ചത്. ഭൂരിപക്ഷം വിഡിയോകളുടെയും പശ്ചാത്തലം ജയ്ദീപിന്റെ വീട് ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ ജയ്ദീപിനെ റിമാൻഡ് ചെയ്തു.