കാൽഗറി: വാഹന പാർക്കിംഗിന്റെയും ഫോട്ടോ റഡാറിന്റെയും പേരിൽ പിഴ ഏർപ്പെടുത്തിയതായി അറിയിച്ച് വ്യാജ ടെക്സ്റ്റ് മെസേജ് അയച്ച് ആളുകളിൽ നിന്നും പണം തട്ടുന്ന സംഘത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കാൽഗറി പോലീസ്. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന എസ്എംഎസ് സന്ദേശങ്ങൾ തട്ടിപ്പാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ നൽകരുതെന്നും പോലീസ് നിർദ്ദേശിച്ചു.
പിഴ അടച്ചില്ലെങ്കിൽ വാഹനം കണ്ടുകെട്ടുകയോ, ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ, കനത്ത പിഴ ഈടാക്കേണ്ടി വരികയോ ചെയ്‌തേക്കാമെന്നുമുള്ള ഭീഷണി സ്വരത്തിലുള്ള സന്ദേശങ്ങളാണ് വരുന്നത്. സമീപ ആഴ്ചകളിൽ ഇത്തരത്തിലുള്ള 25 ഓളം ടെക്‌സ്റ്റ് സന്ദേശങ്ങൾ ലഭിച്ചതായുള്ള പരാതികൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി പോലീസ് പറഞ്ഞു.
ആൽബെർട്ട സർക്കാരോ കാൽഗറി സിറ്റിയോ പിഴ വിവരങ്ങൾ എസ്എംഎസ് വഴി അയക്കില്ലെന്നും പിഴകളും തുടർന്നുള്ള അറിയിപ്പുകളും തപാൽ വഴിയാണ് ലഭിക്കുകയെന്നും പോലീസ് വ്യക്തമാക്കി. സംശയാസ്പദമായ രീതിയിൽ ടെക്സ്റ്റ് മെസേജുകൾ ലഭിച്ചാൽ അത് ഡിലീറ്റ് ചെയ്യണമെന്നും തട്ടിപ്പിന് ഇരയായവർ പോലീസിനെ വിവരം അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.