newsroom@amcainnews.com

എലിയെ പേടിച്ചു ഇല്ലം ചുടുന്നവർ…

ഷാജി ഏബ്രഹാം

ഷൈനി തന്റെ രണ്ടു പെണ്മക്കളെകൊണ്ട് തീവണ്ടിയുടെ മുമ്പിൽ ചാടി ജീവനൊടുക്കി , നേഴ്‌സായ തനിക്കു ജോലി കൊടുക്കാൻ വിസമ്മതിച്ച സഭയോടും സ്ഥാപനത്തോടുമുള്ള പ്രതിഷേധമോ അല്ലെങ്കിൽ മുമ്പിലുള്ള വഴികൾ അടഞ്ഞുപോയ ഒരു മാതാവിന്റെ അറ്റകൈ പ്രയോഗമോ എന്തുവേണമെങ്കിലും അതിനെ വിളിയ്ക്കാം.

സമൂഹമാധ്യമങ്ങളിൽ കൂടി കുറ്റപ്പെടുത്തലും ആക്രോശങ്ങളും ഒത്തിരി കേൾക്കുന്നുണ്ട് ഈ വിഷയത്തിൽ. എന്നാൽ മറ്റൊരു വശത്തുകൂടി ഞാൻ ഈ വിഷയത്തെ ഒന്ന് നോക്കിക്കാണാൻ ശ്രമിക്കുന്നു. അതിനു എന്റെ ദേശത്തു നടന്ന ഒരു സംഭവം എഴുതിക്കൊണ്ടാവട്ടെ.

അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു സംഭവം , ഒരു കുടുംബത്തിൽ നടന്നത്.

ഭാര്യയും ഭർത്താവും അവരുടെ ജീവിതം ആരംഭിക്കുന്നു , മാസങ്ങൾക്കുള്ളിൽ ഭാര്യ ഗർഭിണി ആകുന്നു. അങ്ങനെ പ്രസവത്തിനായുള്ള സമയം അടുത്തു. ആശുപത്രിയിൽ ബന്ധുക്കൾ എല്ലാവരും ആകാഷയോടെ ലേബർറൂമിന്റെ വാതിൽക്കൽ കാത്തുനിന്നു. പരിഭ്രമവും ആകുലതയും കാത്തുനിന്നവരുടെ മുഖത്ത് പ്രകടമാണ്. ലേബർ റൂമിന്റെ വാതിൽ തുറന്ന് നേഴ്‌സ് വന്നു പറഞ്ഞു ; കുട്ടി പെണ്ണാണ്. അപ്പന്റെ മുഖം വാടി. മനസ്സില്ലാ മനസ്സോടെ അപ്പൻ ആ സത്യം അംഗീകരിച്ചു. രണ്ടാമത്തെ പ്രസവം ; അതും പെണ്ണ് . അപ്പന്റെ മുഖം കോപം കൊണ്ട് തുടുത്തു.

മൂന്നാമത്തെ പ്രസവം ; ലേബർറൂമിന്റെ വാതിൽ തുറന്നുവന്ന നേഴ്സിന്റെ മുഖത്തേക്ക് നോക്കിയില്ല ആ രണ്ടു പെണ്മക്കളുടെ പിതാവ്. നോക്കിയില്ലെങ്കിലും ആ സത്യം അവർ ആ അപ്പന്റെ മുമ്പിൽ അവതരിപ്പിച്ചു. കുട്ടി പെണ്ണാണെന്ന്. മൂന്നു പെണ്മക്കളെ പെറ്റ നിന്നെ എനിക്ക് വേണ്ട ; പ്രസവത്തിന്റെ വേദനമാറാത്ത തന്റെ ഭാര്യയുടെ മുഖത്തുനോക്കി ഭർത്താവു പറഞ്ഞു. അവരെ ഉപേക്ഷിച്ചു അദ്ദേഹം വീടുവിട്ടിറങ്ങി. ഒരു ചിറകൊടിഞ്ഞ കിളിയെപ്പോലെ ഈ സ്ത്രീയുടേയും ജീവിതമായി. സഹായിക്കാൻ ആരുമില്ല. മൂന്നു പെൺമക്കളെ വളർത്താൻ ഈ സ്ത്രീ വല്ലാതെ കഷ്ട്ടപെട്ടു.

ഇനി എന്ത് ചെയ്യും ?

ആരുടെ മുമ്പിൽ കൈനീട്ടും ? ചിറകൊടിഞ്ഞ ഈ പക്ഷി പക്ഷേ തളർന്നില്ല, പൊരുതി ജീവിക്കാൻ തീരുമാനിച്ചു. മൂന്നു പെണ്മക്കളെ വളർത്താൻ അക്കാലത്തു അവർ എന്ത് ജോലിയെടുക്കാനും തയ്യാറായി. മക്കളുടെ നല്ലഭാവി സ്വപ്നം കണ്ട മാതാവ് മുണ്ടുമുറുക്കിയുടുത്തു ഏതു പ്രതിസന്ധിയെയും നേരിട്ടു , ദൈവ ഭക്തയായവൾ മക്കളുടെ മുമ്പിൽ തന്റെ ദൈവത്തെ വരച്ചുകാട്ടി. കഷ്ടതകൾക്കപ്പുറമുള്ള മാന്യത തരുന്ന ദൈവത്തെ കുഞ്ഞുങ്ങൾക്ക് പകർന്നുനൽകി. ജീവിതം പോരാട്ടമുള്ളതെന്നും അതിൽ തളരരുതെന്നും അമ്മയിൽനിന്നും മക്കളും പഠിച്ചു. കൃഷി ചെയ്തും ചിട്ടിപിടിച്ചും ആടിനെവളർത്തിയും വീട്ടുവേലയ്ക്കുപോയും മക്കളെ ഈ അമ്മ പഠിപ്പിച്ചു. അങ്ങനെ ആ മൂന്നുമക്കളും വളർന്നു പഠിച്ചു നേഴ്‌സ് ആയി. അക്കാലത്തു നേഴ്‌സുമാർക്ക് വലിയ താമസങ്ങളും തടസങ്ങളുമില്ലാതെ അമേരിക്കയിൽ പോകുവാൻ കഴിയുന്ന സമയമായിരുന്നു, മക്കളിൽ മൂത്തവൾ അങ്ങനെ അമേരിക്കയിലെത്തി , പിന്നെ മറ്റു രണ്ടുപേരും. എല്ലാം പെൺകുട്ടികൾ എന്നുപറഞ്ഞു നടുക്കടലിൽ എടുത്തെറിയപ്പെട്ട ഈ മൂന്നുപേരെക്കൊണ്ട് അമ്മ തുഴഞ്ഞു കയറിയത് അനുഗ്രഹത്തിന്റെ തീരങ്ങളിലേക്കായിരുന്നു.

ഈ അമ്മയ്ക്ക് മൂന്നുമക്കളെക്കൊണ്ടു ആത്മഹത്യ ചെയ്യാമായിരുന്നില്ലേ ? വിഷം കൊടുത്തോ , തീവണ്ടിക്കു മുമ്പിൽ ചാടിയോ ചാകാമായിരുന്നു.

എന്നാൽ ആ അമ്മ ജീവിക്കാൻ ശ്രമിച്ചു.

ഇക്കാലത്തും അങ്ങനുള്ളവർ ഇല്ലേ ?

പ്രതികൂലത്തിനെതിരെ പോരാടി ജീവിക്കുന്നവർ ഇന്നും ഉണ്ട്. ഒഴുക്കിനെതിരെ നീന്തുന്നവർ , ആരുടേയും മുമ്പിൽ തലകുനിക്കാതെ അഭിമാനത്തോടെ തലയുയർത്തി ജീവിക്കുന്നവർ , നേരിട്ട ദുരന്തങ്ങളിൽ തകർന്നുപോകാത്തവർ , ഇനി തകർന്നാൽത്തന്നെ അതിനെയൊക്കെ വാരിയെടുത്ത് ഒട്ടിച്ചുവെക്കുന്നവർ. പൊട്ടിയ മാലകൾ കോർത്തെടുക്കുന്ന ലാഘവത്തോടെ ജീവിതത്തെ പണിഞ്ഞെടുക്കുന്ന അനേക മാതാക്കളെ കാണാം നമ്മുക്ക് ചുറ്റും ഇന്നും.

പട്ടിണിമൂലം റേഷനരികൊണ്ടു കൊണ്ട് മൂന്നുനേരവും കഞ്ഞി കുടിക്കുന്ന ചിലരെ എനിക്കറിയാം , സിന്ധു അതിലൊരാൾ ആണ്. ഭർത്താവില്ല , കുഞ്ഞുങ്ങളെ വളർത്താൻ അവൾ വീട്ടുജോലിയെടുക്കുന്നു. രാവിലെ എട്ടുമണിമുതൽ നാലുമണിവരെ നാട്ടിലെ എന്റെ വീട്ടിൽ വരും , മാതാപിതാക്കൾക്ക് ആഹാരം വെച്ച് കൊടുക്കും വീട് വൃത്തിയാക്കിയിടും എന്നിട്ടു അവളുടെ വീട്ടിലേക്കു പോകും. മാസം കിട്ടുന്ന വരുമാനം സിന്ധുവിന്റെ മക്കളെ വളർത്താൻ ഉപകരിക്കുന്നു.

മനസ്സിന്റെ ഉള്ളിൽ നിശ്ചയ ദാർഢ്യം ഉണ്ടെങ്കിൽ ആരൊക്കെ ഒറ്റപ്പെടുത്താൻ നോക്കിയാലും പിന്നിൽനിന്നും കുത്താൻ ശ്രമിച്ചാലും നന്മകൾ തട്ടിമാറ്റാൻ നോക്കിയാലും അങ്ങനുള്ളവർ തളരില്ല.

രണ്ടു കുഞ്ഞുങ്ങളുടെ ജീവനെടുത്തിട്ടു അവരോടൊപ്പം മരിക്കാൻ എളുപ്പമാണ്. വിഷമോ കയറോ അല്ലെങ്കിൽ തീവണ്ടിയോ അങ്ങനെ ഏതിലെങ്കിലും തീർക്കാവുന്ന അൽപ്പായുസ്സാണ് മനുഷ്യന്റേതു. എന്നാൽ ചുറ്റുമുള്ള പ്രതികൂലത്തോട് പടവെട്ടി ആ പെൺകുട്ടികളെ ജീവിക്കാൻ അനുവദിച്ചിരുനെങ്ങിൽ ….അങ്ങനെ കൊതിക്കുകയാണ് ഞാനും.

ഷൈനിയുടെയും മക്കളുടേയും ആത്മഹത്യക്കു കാരണം ആരാണ് ? സഭയോ സ്ഥാപനമോ അതോ വീട്ടുകാരോ ? ഷൈനി ഒരു നേഴ്സ് ആയിരുന്നു, ഒരു തൊഴിൽ അറിയുന്നവൾ , ഒരിടത്തു അല്ലെങ്കിൽ മറ്റൊരിടത്തു ജോലി ചെയ്യാൻ കഴിയുന്നവൾ , അല്ല , ഹോം നഴ്സ് ആയിട്ടുപോലും ജോലിചെയ്യാൻ തയ്യാറായാൽ കുഞ്ഞുങ്ങളെ വളർത്താൻ പറ്റുന്ന ഒരിടത്തുനിന്നാണ് അവർ ചിന്നഭിന്നമായത്.

ആരെയും ന്യായീകരിക്കാനോ കുറ്റപ്പെടുത്തുവാനോ ഞാൻ ശ്രമിക്കുന്നില്ല. പിന്നാമ്പുറക്കഥകൾ എല്ലാം അറിയില്ല , എന്നാലും ഷൈനിയെപ്പോലെയുള്ള നൂറുപേരെ എനിക്കറിയാം. ഭർത്താവു ഉപേഷിച്ചവർ , മരിച്ചവർ , സാമ്പത്തികം ഇല്ലാത്തവർ , രോഗികൾ , വീടില്ലാത്തവർ , പുറമ്പോക്കിൽ താമസിക്കുന്നവർ അങ്ങനെ പലർ. അവരാരും ആത്മഹത്യ ചെയ്തില്ല ഇതുവരെ. അവരൊക്കെ ജീവിക്കുന്നു വാശിയോടെ. പട്ടിണി അവരുടെ കൂടെപ്പിറപ്പാണ് , ഒഴിഞ്ഞ മടി അവരുടെ സഹചാരിയാണ് , ഒറ്റപ്പെടൽ അവരുടെ നിത്യ സംഭവമാണ്. എന്നാൽ അവർ ഇന്നും ജീവിക്കുന്നു. ജീവിതം അവസാനിപ്പിക്കാൻ അറിയാത്തതുകൊണ്ടല്ല , ഭയന്നിട്ടും അല്ല. അവർക്കു ജീവിക്കണം എന്നൊരു വാശിയാണ്.

അതേ സുഹൃത്തേ , ജീവിക്കണം, ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവരുടെ മുമ്പിൽ ജീവിച്ചു കാണിക്കണം. നീ ഒടുങ്ങിയാൽ അവർ സന്തോഷിക്കും. എന്നാൽ അവരുടെ മുമ്പിൽ ജീവിച്ചുകാണിച്ചാൽ അതിൽ കൂടുതൽ അവർക്കു കൊടുക്കാൻതക്ക ആഘാതം മറ്റെന്തുണ്ട് ?

You might also like

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

Top Picks for You
Top Picks for You